ന്യൂഡൽഹി: ശ്രീരാമദേവന്റെ ജന്മദിനമായ രാമനവമി ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദും.
ശ്രീരാമദേവന്റെ അനുഗ്രഹത്താൽ എല്ലാവർക്കും സന്തോഷവും സമാധാനവും സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ ജനങ്ങൾക്കും രാമനവമി ആശംസകളെന്നും ഭഗവാൻ ശ്രീരാമചന്ദ്രൻ കടാക്ഷിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്മാർക്കും രാമനവമി ആശംസിച്ച രാഷ്‌ട്രപതി ശ്രീരാമദേവന്റെ നേതൃപാടവം മുഴുവൻ മനുഷ്യരാശിക്കും പ്രചോദനം നൽകുന്നതാണെന്ന് പ്രതികരിച്ചു. മര്യാദപുരുഷോത്തമനായ ശ്രീരാമന്റെ ജീവിതവും അദ്ദേഹത്തിന്റെ സത്യസന്ധതയും ഉയർന്ന ചിന്താഗതികളും ആശയങ്ങളുമെല്ലാം എല്ലാ മനുഷ്യർക്കും മാർഗനിർദേശവും പ്രചോദനവും നൽകുന്നതാണെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
ഭഗവാൻ ശ്രീരാമന്റെ ജന്മദിനമായ രാമനവമി ദിനം രാജ്യത്തിന്റെ പലഭാഗങ്ങളിലും വലിയ ആഘോഷമായാണ് കൊണ്ടാടുന്നത്. ഉത്തരേന്ത്യയിൽ ഒമ്പത് ദിവസം നീളുന്ന പരിപാടികൾ നടക്കാറുണ്ട്. അയോദ്ധ്യയിലെ ആഘോഷങ്ങൾക്കും ഏറെ സവിശേഷതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ രാമനവമി ആഘോഷിക്കാൻ അയോദ്ധ്യയിലെത്തുന്നതും പതിവാണ്.
Comments