ലക്‌നൗ: ഉത്തർപ്രദേശിൽ സഖ്യം രൂപീകരിക്കാൻ ബിഎസ്പിയും മായാവതിയും സഹകരിച്ചില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി.സ്വന്തം വീട് ചിട്ടയായി ക്രമീകരിക്കാൻ പറ്റാത്തയാൾ ബിഎസ്പിക്കെതിരെ അടിസ്ഥാനമില്ലാത്ത വിമർശനങ്ങൾ ഉന്നയിക്കുകയാണെന്ന് മായാവതി ചൂണ്ടിക്കാട്ടി.
രാഹുലിന്റെ മാനസികാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.ഈ നിസ്സാര കാര്യങ്ങളെക്കാൾ’ യുപി തിരഞ്ഞെടുപ്പിലെ പരാജയമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
സ്വന്തം വീട് ചിട്ടയായി ക്രമീകരിക്കാൻ കഴിയാത്തയാളാണ് ബിഎസ്പിക്കെതിരെ അടിസ്ഥാന രഹിതമായ വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് കാണിക്കുന്നത്. അന്വേഷണ ഏജൻസികളെ എനിക്ക് ഭയമാണെന്ന് അന്ന് രാജീവ് ഗാന്ധി ആരോപിച്ചിരുന്നു. ഇന്ന് പ്രിയങ്കാഗാന്ധിയും അത് ആവർത്തിക്കുകയാണ്. ഇതിലൊന്നും സത്യമില്ല. ഇതിനെതിരെ ഞങ്ങൾ പോരാടുമെന്നും സുപ്രീംകോടതിയിൽ വിജയം കാണുമെന്നും അവർക്ക് നല്ല ബോധ്യമുണ്ടെന്ന് മായാവതി വ്യക്തമാക്കി.
ഇത്തരം ആരോപണങ്ങൾ ഉയർത്തുമ്പോൾ കോൺഗ്രസ് നൂറുതവണ ആലോചിക്കണം. ബിജെപിക്കെതിരെ വിജയിക്കാൻ കഴിയാത്തവർ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുകയാണ്. അധികാരത്തിൽ ഇരിക്കുമ്പോഴും പുറത്തായപ്പോഴും അവർ ജനത്തിന് വേണ്ടി ഒന്നും ചെയതിട്ടില്ലെന്നും മായാവതി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് മുൻപ് ബിഎസ്പിയുമായി സഖ്യത്തിൽ ഏർപ്പെടാമെന്ന് വാഗ്ദാനം നൽകിയിട്ടും മായാവതി അത് നിരസിക്കുകയായിരുന്നുവെന്നാണ് രാഹുൽ കുറ്റപ്പെടുത്തിയത്. ‘ മായാവതി ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നില്ല. സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മായാവതിക്ക് ഒരു സന്ദേശം അയച്ചിരുന്നു. എന്നാൽ അതിനോടും അവർ പ്രതികരിച്ചില്ല. ഇത്തവണ അവർ ദളിതർക്ക് വേണ്ടി ശബ്ദമുയർത്താൻ തയ്യാറായില്ല. കാരണം സിബിഐയും, ഇ.ഡിയും. പെഗാസസുമെല്ലാം’ ചുറ്റും ഉണ്ടെന്നും രാഹുൽ പരിഹസിച്ചിരുന്നു.
Comments