മലപ്പുറം : അരീക്കോട് എംഎസ്പി ക്യാമ്പിൽ നിന്നും കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തി. സ്‌പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പിലെ പോലീസുകാരനായ വടകര സ്വദേശി പികെ മുബഷീറിനെയാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഇയാൾ ഭാര്യയോടൊപ്പം പോലീസ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഉദ്യോഗസ്ഥനെ ഉടൻ കോടതിയിൽ ഹാജരാക്കും.
ജോലി സമ്മർദ്ദം കാരണമാണ് മുബഷീർ ക്യാമ്പിൽ നിന്നും ഓടിപ്പോയത് എന്നാണ് വിവരം. സ്റ്റേഷനിൽ ഹാജരായപ്പോഴും ജോലിയിൽ തുടരാനാകില്ലെന്ന് പറഞ്ഞ് യുവാവ് കരഞ്ഞതായും പോലീസ് പറയുന്നു.
വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പിൽ നിന്നും കാണാതായത്. ഇതിന് പിന്നാലെ മുബഷീറിന്റെ പേരിൽ എഴുതിയ കത്തും പുറത്ത് വന്നു. മേലുദ്യോഗസ്ഥന്റെ പീഡനം സഹിച്ച് ഇനിയും ക്യാമ്പിൽ തുടരാനാകില്ലെന്നാണ് കത്തിലുണ്ടായിരുന്നത്. തുടർന്ന് ഭാര്യ ഷാഹിന പോലീസിൽ പരാതി നൽകി.
മെസ്സിൽ കട്ടൻചായ നിർത്തലാക്കിയത് ചോദ്യം ചെയ്തതാണ് മേലുദ്യോഗസ്ഥന് തന്നോടുളള പകയ്‌ക്ക് കാരണമെന്ന് മുബഷീർ എഴുതിയ കത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ തന്നെ പാലക്കാട് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായും, കാനഡയിലായിരുന്ന ഭാര്യ നാട്ടിലെത്തിയിട്ടും കാണാൻ ഒരു ദിവസം പോലും ലീവ് അനുവധിച്ചില്ലെന്നും കത്തിൽ പറയുന്നു. മേലുദ്യോഗസ്ഥന്റെ പീഡനം ഉൾപ്പെടെ വിവരിക്കുന്ന കത്ത് പുറത്ത് വന്നതോടെ സംഭവത്തിൽ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം.
Comments