വൈകാതെ ഇന്ത്യൻ നിരത്തുകളിലെ നിറസാന്നിധ്യമാവാൻ ഒരുങ്ങുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. ഇവികൾക്ക് താരതമ്യേന വില കൂടുതലാണെങ്കിലും, വരും വർഷങ്ങളിൽ ആളുകൾ ഇവയിലേയ്‌ക്ക് മാറുമെന്നാണ് വാഹന നിർമ്മാതാക്കൾ കണക്കുകൂട്ടുന്നത്. നിലവിൽ, ഇന്ത്യൻ നിരത്തിലോടുന്ന വില കുറഞ്ഞ ഇവി ടാറ്റയുടെ ടിഗോർ മാത്രമാണ്. 11.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. എന്നാൽ, സാധാരണക്കാരന് ഈ തുക താങ്ങാനാവില്ല. ഈ സത്യം തിരിച്ചറിഞ്ഞതിന് ശേഷം, ഇലക്ട്രിക് വാഹന രംഗത്ത് പുതിയ ചുവടുവെയ്‌ക്കാനൊരുങ്ങുകയാണ് കൊല്ലം രാമൻകുളങ്ങര സ്വദേശിയായ ആന്റണി ജോൺ എന്ന 67കാരൻ.
ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിച്ചിരുന്ന ആന്റണിയ്‌ക്ക് കാർ വാങ്ങാനുള്ള ആഗ്രഹം കലശലായപ്പോഴാണ് ഇലക്ട്രിക് വാഹനം തപ്പിയിറങ്ങിയത്. എന്നാൽ, ഇലക്ട്രിക് വാഹനം വാങ്ങാനുള്ള തുകയില്ലാതെ വന്നപ്പോഴാണ് ആന്റണിയുടെ മനസിൽ എന്തുകൊണ്ട് സ്വന്തമായി ഒന്ന് നിർമ്മിച്ചുകൂട എന്ന ചിന്തയുദിച്ചത്. കരിയർ കൺസൾട്ടന്റായ ആന്റണിയ്‌ക്ക് വീട്ടിലേയ്‌ക്കും അവിടെ നിന്ന് ഓഫീസിലേയ്‌ക്കും യാത്ര ചെയ്യാനായിയാണ് ഒരു ഇലക്ട്രിക് വാഹനം സ്വന്തമായി നിർമ്മിച്ചത്. വീടിനും ഓഫീസിനും ഇടയിലുള്ള 30 കിലോമീറ്റർ ദൂരം ആന്റണി സഞ്ചരിക്കുന്നത് താൻ സ്വന്തമായി നിർമ്മിച്ച ഇലക്ട്രിക് കാറിലാണ്.
പാഴ് വസ്തുക്കളിൽ നിന്നും ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള ശ്രമം 2018 മുതലാണ് ആന്റണി ആരംഭിച്ചത്. കാറുകളുടെയും, ബസുകളുടെയും ബോഡി നിർമ്മിക്കുന്ന ഒരു ഗ്യാരേജിനെയാണ് ആന്റണി തന്റെ വാഹനത്തിന്റെ ബോഡി നിർമ്മിക്കാൻ ഏൽപ്പിച്ചത്. ഇതിനായി തന്റെ മനസിലുള്ള ആശയങ്ങൾ അദ്ദേഹം ഗ്യാരേജുമായി പങ്കുവെച്ചിരുന്നു. രണ്ട് പേർക്ക് സുഗമായി ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് വാഹനത്തിന്റെ ഡിസൈൻ. വാഹനത്തിന്റെ ബോഡി വർക്കുകൾ മറ്റൊരിടത്താണ് നടത്തിയതെങ്കിലും, വയറിംഗും മറ്റ് ഇലക്ട്രിക് വർക്കുകളും അദ്ദേഹം സ്വന്തമായി ചെയ്തത് തന്നെയായിരുന്നു.
ഡൽഹിയിൽ നിന്നുള്ള വ്യാപാരിയാണ് ആന്റണിയ്‌ക്ക് കാറിന്റെ ബാറ്ററികൾ നൽകിയത്. കാർ നിർമ്മാണത്തിൽ പരിശീലനമില്ലാത്തതുകൊണ്ടുതന്നെ, 2018ൽ ഇവി നിർമ്മാണം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് കൊറോണ മഹാമാരി കാരണം വാഹന നിർമ്മാണം പൂർത്തിയാക്കാൻ കാലതാമസം നേരിടുകയായിരുന്നു. കാറിന്റെ ബാറ്ററികൾ വെച്ചുപിടിപ്പിച്ച ശേഷം പ്രവർത്തനക്ഷമതയിൽ അപാകത കാട്ടിയതിനെ തുടർന്ന്, വീണ്ടും വാഹനം പുനർനിർമ്മിക്കുകയായിരുന്നുവെന്ന് ആന്റണി പറയുന്നു.
പിന്നീട് പുതിയ ബാറ്ററികൾ ഉപയോഗിച്ച് കാറിന്റെ ദുരപരിധി 60 കിലോമീറ്ററായി ഉയർത്തി. ഈ ‘ഹോം മെയ്ഡ് ഇവി’യിലാണ് അദ്ദേഹം ആഴ്ചയിൽ അഞ്ച് ദിവസവും സഞ്ചരിക്കുന്നത്. ഒരു ദിവസം ചാർജ് ചെയ്യാൻ അഞ്ച് രൂപ മാത്രമാണ് ആവശ്യമെന്നും, വീട്ടിൽ നിന്നും ഓഫീസിലേയ്‌ക്കും അവിടെ നിന്ന് തിരിച്ച് വീട്ടിലേയ്‌ക്കും എത്താൻ ഇത് ധാരാളമാണെന്നും അദ്ദേഹം പറയുന്നു. വാഹനത്തിന് തീരെ വലുപ്പമില്ലാത്തതുകൊണ്ട് തന്നെ ഏത് ഇടുങ്ങിയ വഴിയും ഈ കുഞ്ഞന് അനായാസം താണ്ടുവാൻ സാധിക്കും. വെറും 4.5 ലക്ഷം രൂപ മുടക്കിയാണ് ആന്റണി വാഹനം നിർമ്മിച്ചിരിക്കുന്നത്. ഇതിലും ചെലവ് കുറഞ്ഞ് ഒരു വാഹനം നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ് ആന്റണി ഇപ്പോൾ.
Comments