ചെന്നൈ : തമിഴ്‌നാട് രാമേശ്വരത്തേക്ക് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥി സംഘമെത്തി. രണ്ട് സംഘങ്ങളായി 21 പേരാണ് എത്തിയത്. തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത ഇവരെ മണ്ഡപം പോലീസ് സ്റ്റേഷനിലെത്തിച്ചു
കഴിഞ്ഞ ദിവസം രാത്രിയിലാണ് ശ്രീലങ്കയിൽ നിന്നും തമിഴ്‌നാട് രാമേശ്വരത്തെത്തിയ 9 പേരെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ തിരച്ചിലിൽ 12 പേരെ കൂടി രാമേശ്വരം ധനുഷ്‌കോടിയിലെ മണൽ തിട്ടയിൽ നിന്ന് കണ്ടെത്തി. ജാഫ്‌നയിൽ സ്വദേശികളായ ഇവർ തലൈമാന്നാറിൽ നിന്നാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം.
ഏഴ് കുടുംബങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. കസ്റ്റഡിയിലെടുത്ത അഭയാർത്ഥികളെ മണ്ഡപം പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. പിന്നീട് ക്യാപിംലേക്ക് മാറ്റും. നാല് ദിവസം മുൻപ് മറ്റൊരു കുടുംബവും എത്തിയിരുന്നു.ആകെ 41 പേരാണ് അഭയാർത്ഥികളായി രാമേശ്വരത്തേക്ക് എത്തിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും കൂടുതൽ പേർ വരും ദിവസങ്ങളിൽ എത്തിയേക്കും. എന്നാൽ കടുത്ത തമിഴ് വാദം ഉയർത്തുന്ന സംഘടനകൾ അഭയാർത്ഥി വിഷയത്തിൽ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ശ്രീലങ്കൻ തമിഴരെ അഭയാർത്ഥികളായി അംഗീകരിക്കാൻ വൈകുന്നതും അവർക്കെതിരെ എഫ്‌ഐആർ ഇട്ടതും നാം തമിഴർ പോലുള്ള സംഘടനകൾ അതിശക്തമായി എതിർക്കുന്നു.
















Comments