തിരുവനന്തപുരം: ജനകീയ വിഷയങ്ങൾക്ക് പരിഹാരമില്ലാതെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എൻഡിഎ കേരള ഘടകത്തിന്റെ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന എൻഡിഎ നേതൃയോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മെയ് 20 ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ ശക്തമായ പ്രതിഷേധം നടത്തും. ജില്ലാ തലത്തിലും പ്രതിഷേധം നടത്തുമെന്ന് തീരുമാനങ്ങൾ വിശദീകരിച്ച് കെ സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ മൂലം വിലക്കയറ്റം രൂക്ഷമാകുകയാണ്. കറണ്ട് ചാർജ്ജും ബസ് ചാർജ്ജും ഉൾപ്പെടെ അമിത ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുകയാണ്. കെഎസ്ആർടിസി പൂർണമായി സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നു. ഡൽഹിയിൽ കർഷക സമരത്തിന് പോയവർ ഭരിക്കുമ്പോൾ കേരളത്തിൽ കർഷകർ ആത്മഹത്യ ചെയ്യുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ കൃഷിക്കാർക്ക് നൽകിയ ആനൂകൂല്യങ്ങൾ പോലും ശരിയായി വിനിയോഗിക്കുന്നില്ല. പേരു മാറ്റിയും തുക മാറ്റിയും കേന്ദ്രപദ്ധതികൾ ദുർവ്വിനിയോഗം ചെയ്യുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വ്യവസായ ലോകം തകർന്നു. പ്രവാസികളായവർ വ്യവസായം തുടങ്ങാൻ ശ്രമിക്കുമ്പോൾ അവരെ ഭീഷണിപ്പെടുത്തുകയാണ്. സ്ത്രീകൾക്കെതിരായ അക്രമങ്ങളും ദളിത് പീഡനങ്ങളും ഗുണ്ടാ ആക്രമണങ്ങളും വർദ്ധിച്ചതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് യാതൊരു താൽപര്യവും ഇല്ലാത്ത, കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ സിൽവർ ലൈൻ ഉപേക്ഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തെ തകർക്കുന്നതും കേരളത്തിന്റെ സമ്പദ് ഘടനയെ ദോഷകരമായി ബാധിക്കുന്നതുമായ പദ്ധതിയാണിത്. കേരളത്തെ ആജീവനാന്തം കടക്കെണിയിലാക്കും. മാത്രമല്ല സംസ്ഥാനത്തിന്റെ പരിസ്ഥിതിയെ വിനാശകരമായി ബാധിക്കും. ദുരഭിമാനം വെടിഞ്ഞ് കേരള സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറണമെന്നും സർവ്വെ നടപടികൾ ഇനി ആരംഭിക്കരുതെന്നും എൻഡിഎ ആവശ്യപ്പെട്ടു.
















Comments