ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങൾക്കും വികസന വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും വിധം ഭീകരതയിൽ നിന്ന് മുക്തമായ മേഖലയിൽ സമാധാനവും സുസ്ഥിരതയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു.
‘പാകിസ്ഥാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മിയാൻ മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന് അഭിനന്ദനങ്ങൾ. ഭീകരതയില്ലാത്ത ഒരു മേഖലയിൽ സമാധാനവും സ്ഥിരതയും ഇന്ത്യ ആഗ്രഹിക്കുന്നു, അതുവഴി നമുക്ക് നമ്മുടെ വികസന വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മുടെ ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കാനും കഴിയും.’ പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്താൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുമായി നല്ല ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ കശ്മീർ വിഷയത്തിന് പരിഹാരം കാണുന്നത് വരെ അത് സാദ്ധ്യമാകില്ലെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇതിനുളള ഇന്ത്യയുടെ മറുപടി കൂടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
ചൈന-പാകിസ്താൻ ബന്ധത്തെ പ്രശംസിച്ച ഷെഹബാസ് കശ്മീരി ജനതയ്‌ക്ക് നൽകുന്ന ധാർമ്മിക, നയതന്ത്ര പിന്തുണ തുടരുമെന്നും ഞങ്ങൾക്ക് അവരെ രക്തച്ചൊരിച്ചിലിനായി വിട്ടുനൽകാനാകില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ശക്തമായ യാതൊരു നടപടിയും ഇമ്രാൻ ഖാൻ സർക്കാർ കൈക്കൊണ്ടില്ലെന്നും ഷഹബാസ് ഷെരീഫ് കുറ്റപ്പെടുത്തിയിരുന്നു.
















Comments