വാഷിങ്ടണ്‍: അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ക്ക് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ചുട്ടമറുപടി. ഇന്ത്യ അമേരിക്ക 2+2 കൂടിക്കാഴ്ചയ്‌ക്കിടെയാണ് ജയശങ്കര്‍ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സംബന്ധിച്ചായിരുന്നു മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യം. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യ ഉപരോധം നേരിടുമ്പോള്‍ ഇന്ത്യ എന്തുകൊണ്ടാണ് റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നത് എന്നായിരുന്നു ചോദ്യം. റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ ഐക്യരാഷ്‌ട്രസഭയില്‍ ഉള്‍പ്പെടെ നിലപാട് വ്യക്തമാക്കിയതാണെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു മാസം വാങ്ങുന്ന എണ്ണയേക്കാൾ കൂടുതലാണ് യൂറോപ്പ് ഒരു ദിവസം ഉച്ചയ്‌ക്ക് ശേഷം വാങ്ങുന്നതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. നിങ്ങൾ അങ്ങോട്ടാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.
‘ നിങ്ങള്‍ എണ്ണ വാങ്ങുന്നതിനെപ്പറ്റി സംസാരിച്ചത് ഞാന്‍ ശ്രദ്ധിച്ചു. റഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജ വാങ്ങലുകളെ പറ്റി സംസാരിക്കാനാണെങ്കില്‍ നിങ്ങളുടെ ശ്രദ്ധ യൂറോപ്പില്‍ കേന്ദ്രീകരിക്കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. ഊര്‍ജ്ജസംരക്ഷണത്തിന് ആവശ്യമായ കുറച്ച് ഊര്‍ജ്ജം ഞങ്ങള്‍ വാങ്ങിക്കുന്നുണ്ട്. പക്ഷേ അതിലെ കണക്കുകളില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഞങ്ങളുടെ ഒരു മാസത്തെ മൊത്തം വാങ്ങല്‍ എന്ന് പറയുന്നത് യൂറോപ്പ് ഉച്ചയ്‌ക്ക് ശേഷം വാങ്ങുന്നതിനെക്കാള്‍ കുറവായിരിക്കും’ ജയശങ്കര്‍ പറയുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, യുഎസ് സ്റ്റേറ്റ് സെക്രട്ടരി ആന്‍ണി ബ്ലിങ്കെന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഐക്യരാഷ്‌ട്രയിലും ഇന്ത്യയുടെ പാര്‍ലമെന്റിലും ഈ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവനകള്‍ ഇന്ത്യ നടത്തിയിട്ടുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി. ‘ നിലവില്‍ നടക്കുന്ന യുദ്ധത്തിന് എതിരാണെന്ന കാര്യം പറഞ്ഞിട്ടുണ്ട്. നയതന്ത്രവഴികളിലൂടെയും സംഭാഷണത്തിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ഇതിനായി വേണ്ടുന്ന എന്ത് സഹകരണങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും’ ജയശങ്കര്‍ പറയുന്നു.
Comments