ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ പ്രശംസിച്ച് ശിവസേന. ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയാണ് ജയശങ്കറിനെ പ്രശംസിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രിയില്‍ നിന്ന് ഏറ്റവും മികച്ചത് എന്ന് കുറിച്ചു കൊണ്ടാണ് ജയശങ്കറിന്റെ വാക്കുകളും പ്രസംഗവും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഏറ്റവും മികച്ച മറുപടിയെന്നാണ് ഇതില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ അമേരിക്ക 2+2 കൂടിക്കാഴ്ചയ്‌ക്കിടെയാണ് ജയശങ്കര്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യ ഉപരോധം നേരിടുമ്പോള്‍ ഇന്ത്യ എന്തുകൊണ്ടാണ് റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നത് എന്നായിരുന്നു ചോദ്യം. റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ ഐക്യരാഷ്‌ട്രസഭയില്‍ ഉള്‍പ്പെടെ നിലപാട് വ്യക്തമാക്കിയതാണെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. എണ്ണ വാങ്ങുന്നതിലെ കണക്ക് പരിശോധിച്ചാല്‍ യൂറോപ്പ് ഉച്ചയ്‌ക്ക് ശേഷം വാങ്ങുന്ന എണ്ണയുടെ അളവ് ഇന്ത്യയുടെ ഒരു മാസത്തെ വാങ്ങലിനെക്കാള്‍ കൂടുതലായിരിക്കുമെന്നും ജയശങ്കര്‍ ചൂണ്ടിക്കാണിച്ചു.
‘ നിങ്ങള്‍ എണ്ണ വാങ്ങുന്നതിനെപ്പറ്റി സംസാരിച്ചത് ഞാന്‍ ശ്രദ്ധിച്ചു. റഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജ വാങ്ങലുകളെ പറ്റി സംസാരിക്കാനാണെങ്കില്‍ നിങ്ങളുടെ ശ്രദ്ധ യൂറോപ്പില്‍ കേന്ദ്രീകരിക്കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. ഊര്‍ജ്ജസംരക്ഷണത്തിന് ആവശ്യമായ കുറച്ച് ഊര്‍ജ്ജം ഞങ്ങള്‍ വാങ്ങിക്കുന്നുണ്ട്. പക്ഷേ അതിലെ കണക്കുകളില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഞങ്ങളുടെ ഒരു മാസത്തെ മൊത്തം വാങ്ങല്‍ എന്ന് പറയുന്നത് യൂറോപ്പ് ഉച്ചയ്‌ക്ക് ശേഷം വാങ്ങുന്നതിനെക്കാള്‍ കുറവായിരിക്കും’ ജയശങ്കര്‍ പറയുന്നു.
Comments