മുംബൈ: മസ്ജിദുകളിലെ ഉച്ചഭാഷിണികൾ മെയ് മൂന്ന് വരെ നിർത്തലാക്കണമെന്ന അന്ത്യശാസനവുമായി മഹാരാഷ്‌ട്ര നവനിർമ്മാണ് സേന നേതാവ് രാജ് താക്കറെ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നും, ജനസംഖ്യാ വളർച്ച നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേയും സമാന ആവശ്യം ഉന്നയിച്ച് അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. നിരോധനം ഏർപ്പെടുത്താത്ത പക്ഷം മസ്ജിദുകൾക്ക് മുന്നിൽ ഉച്ചഭാഷിണികൾ വച്ച് ഹനുമാൻ ചാലിസ വായിക്കുമെന്നാണ് രാജ് താക്കറെ പറഞ്ഞത്. മഹാരാഷ്‌ട്ര സർക്കാർ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് രാജ് താക്കറെ ആവശ്യപ്പെട്ടത്.
‘ മസ്ജിദുകളിലെ ഉച്ചഭാഷിണികൾ മെയ് മൂന്ന് വരെ നിർത്തിവയ്‌ക്കണം. അല്ലെങ്കിൽ സ്പീക്കറുകളിലൂടെ ഞങ്ങൾ ഹനുമാൻ ചാലിസ വായിക്കും. ഇതൊരു സാമൂഹിക പ്രശ്‌നമാണ്. അല്ലാതെ ഇതിന് മതപരമായ ബന്ധങ്ങളൊന്നുമില്ല. മഹാരാഷ്‌ട്ര സർക്കാരിനോട് ഞങ്ങൾ ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇതിൽ നിന്ന് പിന്നോട്ടു പോകാനില്ല. ഈ വിഷയത്തിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു. നിങ്ങൾക്ക് എന്താണ് ചെയ്യാനാകുന്നത് എന്ന് വച്ചാൽ ചെയ്‌തോളു എന്നും’ അദ്ദേഹം മുന്നറിയിപ്പ് നൽകും.
മുംബൈയിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.
















Comments