തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ്ജ് വർദ്ധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മിനിമം ചാർജ് പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായിരുന്നു ഓട്ടോയ്‌ക്ക് മിനിമം ചാർജ് 30 രൂപയാക്കാനും യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ്ജ് വർദ്ധിപ്പിക്കുന്നതിൽ കമ്മീഷന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും.
ബസ് യാത്ര നിരക്കിൽ മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും ഒരു രൂപയാകും ഈടാക്കുക. ഓട്ടോയ്‌ക്ക് മിനിമം ചാർജ് വർധിപ്പിച്ചെങ്കിലും വെയ്റ്റിംഗ് ചാർജിന് മാറ്റമില്ല. മിനിമം കൂലി 30 രൂപയാക്കുമ്പോൾ പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. 30 രൂപയ്‌ക്ക് രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാം.
അതേസമയം, കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി വീണ്ടും ആരോപിച്ചു. അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബികളാണെന്നാണ് മന്ത്രി കരുതുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ധനകാര്യവകുപ്പിനോട് അധികം തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ധനവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ തന്നെ ശമ്പളം നൽകുമെന്നും ആന്റണി രാജു വ്യക്തമാക്കി. നിലവിൽ ശമ്പളം പ്രതിസന്ധിയുണ്ടെന്നും, ഒരു മാസം അധികമായി 40 കോടി രൂപ കണ്ടെത്തേണ്ട സ്ഥിതിയാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം ഇന്ധന വിലവർദ്ധനയാണെന്നും മന്ത്രി ആരോപിച്ചു. പണിമുടക്കിലും നഷ്ടം വന്നുവെന്നും, സംഘടനകളുടെ സമ്മേളനവും ട്രിപ്പ് മുടക്കിയെന്നും മന്ത്രിവിശദീകരിച്ചു.
















Comments