ഇസ്ലാമാബാദ്: സൈന്യത്തിനെതിരായ അപവാദ പ്രചാരണം അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് സംയുക്ത സൈനിക മേധാവി ജനറൽ ഖ്വമാർ ബാജ്വ. പാകിസ്താനിലെ പ്രശ്‌നങ്ങൾക്ക് കാരണം സൈന്യമാണെന്ന ഇമ്രാൻ അനുകൂലികളുടെ പ്രചാരണമാണ് സൈനിക മേധാവി ചൂണ്ടിക്കാട്ടിയത്.
ഭരണപ്രതിസന്ധിക്കിടെ പാക്‌സൈനിക മേധാവിയെ മാറ്റാൻ ഇമ്രാൻ നടത്തിയ ശ്രമം രാത്രിക്കുരാത്രി ബാജ്വയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇമ്രാന്റെ വീട്ടിലെത്തി വിഫലമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാജ്വ സൈനിക ആസ്ഥാനത്ത് ഇമ്രാനെതിരെ പരാമർശം നടത്തിയത്. 79-ാമത് സൈനിക കമാന്റർമാരുടെ സമ്മേളനത്തിലാണ് ബാജ്വ രാഷ്‌ട്രീയ പരമായ പിന്തുണ കുറയുന്നുവെന്ന ഗുരതരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയത്.
പാകിസ്താന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നത് സൈനിക വിഭാഗമാണ്. കനത്ത വെല്ലുവിളിയാണ് സൈന്യം ഇന്ത്യയിൽ നിന്നും ഭീകരരിൽ നിന്നും നേരിടുന്നത്. ഇതിനിടെ ഭരണപ്രതിസന്ധിയിലെ പ്രശ്‌നങ്ങൾക്കും കാരണം സൈന്യമാണെന്ന അപവാദ പ്രചാരണം തീർത്തും തെറ്റാണ്. സൈനികരുടെ ആത്മവീര്യം തകർക്കുന്ന തരത്തിലുള്ള അപവാദ പ്രചാരണം നിർത്തണം. പാകിസ്താൻ സൈന്യം എന്നും ഉത്തരവാദിത്വം എന്താണെന്ന് നന്നായി തിരിച്ചറിയുന്നവരാണെന്നും ബാജ്വ പറഞ്ഞു. പുതിയ ഭരണകൂടവുമായി നല്ല നിലയിൽ പോകാനുള്ള നീക്കമാണ് ബാജ്വ നടത്തുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
Comments