വാഷിംഗ്ടൺ: പ്രതിരോധ രംഗത്തെ ഇന്ത്യയുടെ കരുത്തും പ്രാധാന്യവും എടുത്ത് പറഞ്ഞ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിൻ. ആഗോളതലത്തിൽ ബഹിരാകാശ രംഗം മുതൽ ആഴക്കടൽ വിഷയത്തിൽ വരെ ഇന്ത്യ ഏറ്റവും ശക്തനായ പങ്കാളിയാണെന്ന് ഓസ്റ്റിൻ ആവർത്തിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഓസ്റ്റിൻ മനസ്സ്തുറന്നത്.
ഇന്ത്യ പ്രതിരോധ രംഗത്ത് അസാമന്യ മികവ് ആർജ്ജിച്ചിരിക്കുന്നു. സമർത്ഥരായ സൈനി കരും ഗവേഷകരും അടങ്ങുന്ന നിര ആഗോള തലത്തിലെ മികവിന്റെ ഉദാഹരണമാണ്. ഇന്ത്യയുമായുള്ള പ്രതിരോധ രംഗത്തെ പങ്കാളിത്തം അമേരിക്കയ്ക്ക് ഏറെ കരുത്തു പകരുന്ന ഒന്നാണ്. ദ്വിതല മന്ത്രാലയ ചർച്ചകളിലൂടെ ബഹിരാകാശം മുതൽ ആഴക്കടൽ വരെയുള്ള എല്ലാ രംഗത്തും ഇന്ത്യയുമായി ദീർഘകാല കരാറുകളാണ് ആഗ്രഹിക്കുന്നത്. പ്രതിരോധ ത്തിനൊപ്പം വാണിജ്യവും എന്ന ദ്വിമുഖ പദ്ധതികളാണ് ഭാവിയിൽ മുന്നോട്ട് കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നതെന്നും ഓസ്റ്റിൻ വ്യക്തമാക്കി.
ഇന്ത്യ അമേരിക്ക പ്രതിരോധ ബന്ധം പ്രതിരോധ സാമഗ്രികൾ പണം കൊടുത്ത് വാങ്ങുക എന്നതിൽ നിന്നും പരസ്പരം ആയുധ-ഉപകരണ നിർമ്മാണങ്ങളിലൂടെ സംയുക്ത പങ്കാളിത്തത്തിലേയ്ക്ക് കടന്നിരിക്കുന്നുവെന്നും ഓസ്റ്റിൻ എടുത്തുപറഞ്ഞു. ഇന്ത്യ ബഹറിനുമായി ചേർന്ന് സമുദ്രമേഖലയിലെ സുരക്ഷാ സഖ്യത്തിന്റെ ഭാഗമായതിനേയും ഓസ്റ്റിൻ അഭിനന്ദിച്ചു.
ബഹിരാകാശ രംഗത്ത് പങ്കാളിത്തം ഉറപ്പിക്കാൻ ഡിഫൻസ് സ്പേസ് ചർച്ചകളും ഡിഫൻസ് സൈബർ ചർച്ചകളും നടത്താനും തീരുമാനിച്ചതായി സംയുക്ത വാർത്താ സമ്മേളനത്തിൽ ഓസ്റ്റിനും രാജ്നാഥ് സിംഗും അറിയിച്ചു.
Comments