ജയ്പൂർ: രാജസ്ഥാനിലെ കരൗലി സന്ദർശിക്കാനായി ബിജെപി എംപി തേജസ്വി സൂര്യ സംഘടിപ്പിച്ച ‘ന്യായ യാത്ര’ തടഞ്ഞ് പോലീസ്. കരൗലിയിൽ സംഘർഷത്തിന് ഇരയായ കുടുംബങ്ങളെ സന്ദർശിക്കാൻ യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയാണ് പോലീസ് തടഞ്ഞത്. ഇതിന് പിന്നാലെ തേജസ്വി സൂര്യയെയും അനുയായികളെയും രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു.
തേജസ്വി സൂര്യയോടൊപ്പം ബിജെപിയുടെ രാജസ്ഥാൻ പ്രസിഡന്റായ സതീഷ് പൂനിയയും മറ്റ് അനുയായികളും ചേർന്നായിരുന്നു ന്യായ യാത്രയുടെ ഭാഗമായി ദൗസ അതിർത്തിയിലെത്തിയത്. എന്ത് വില നൽകിയും കരൗലി സന്ദർശിക്കുമെന്നായിരുന്നു തേജസ്വി സൂര്യയുടെ പ്രഖ്യാപനം. സമാധാനപരമായി പോകാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ തേജസ്വി ഉൾപ്പെടെ ദൗസ അതിർത്തിയിലെത്തിയ ബിജെപി നേതാക്കളെ ബാരിക്കേഡുകൾ വെച്ച് തടയുകയായിരുന്നു രാജസ്ഥാൻ പോലീസ്. പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഏപ്രിൽ രണ്ട് മുതലാണ് കരൗലിയിൽ സംഘർഷം ആരംഭിച്ചത്. ഹിന്ദു ആചാരപ്രകാരമുള്ള നവ സംവത്സർ ആഘോഷത്തോട് അനുബന്ധിച്ച് പ്രദേശത്തെ ജനങ്ങൾ റാലി നടത്തിയിരുന്നു. എന്നാൽ ഇതിൽ വിദ്വേമുണ്ടായ മതമൗലികവാദികൾ റാലിയിലേക്ക് കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചു. വിശ്വഹിന്ദു പരിഷത്ത്, രാഷ്‌ട്രീയ സ്വയംസേവക് സംഘ്, ബജ്‌റംഗ്ദൾ പ്രവർത്തകർ ചേർന്നായിരുന്നു റാലിക്ക് നേതൃത്വം നൽകിയത്. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് കൂടിയായിരുന്നു റാലി കടന്നുപോയിരുന്നത്. ഇതാണ് അക്രമത്തിന് വഴിവെച്ചത്. സംഭവത്തിൽ 35ഓളം പേർക്ക് പരിക്കേറ്റിരുന്നു.
തുടർന്ന് കരൗലിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ. തുടക്കം മുതൽക്കെ അക്രമത്തിന്റെ ഉത്തരവാദിത്വം പ്രദേശത്തെ ഹിന്ദു സമുദായത്തിൽ ഉൾപ്പെട്ടവരുടെ തലയിൽ കെട്ടിവെക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ശ്രമം നടത്തിയിരുന്നു. മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന പാട്ടുവെച്ചുവെന്നും ഹിന്ദുക്കൾ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെന്നുമായിരുന്നു വാദം. എന്നാൽ മതതീവ്രവാദികളെ സംരക്ഷിക്കുന്ന നീക്കം അവസാനിപ്പിക്കണമെന്നും സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാനത്തെ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
Comments