ഛണ്ഡിഗഡ്: ക്ഷേത്രത്തിന് സമീപം പ്രസാദമെന്ന പേരിൽ അജ്ഞാതൻ നൽകിയ ജ്യൂസ് കുടിച്ചവർ ആശുപത്രിയിൽ. 25 ഓളം പേരാണ് തലകറങ്ങി വീണതിന് പിന്നാലെ ആശുപത്രിയിലായത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ഫ്രൂട്ട് ജ്യൂസാണെന്ന് കരുതിയാണ് പലരും കുടിച്ചതെന്നും അതിൽ മയക്കുമരുന്ന് കലർത്തിയതായി കരുതുന്നുവെന്നും പോലീസ് അറിയിച്ചു. ഹരിയാനയിലെ ഫറൂഖാനഗറിലെ ബുദ്ധോ മാതാ ക്ഷേത്രത്തിന് സമീപമാണ് സംഭവമുണ്ടായത്. എല്ലാവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ക്ഷേത്ര ദർശനത്തിനായി എത്തിയപ്പോൾ പെട്ടെന്ന് ഒരു മനുഷ്യൻ മുന്നിൽ വരികയും ജ്യൂസ് തരികയുമായിരുന്നു എന്ന് പരാതിക്കാരിൽ ഒരാൾ പ്രതികരിച്ചു. ക്ഷേത്രപരിസരത്ത് എത്തുന്ന എല്ലാവർക്കും താനിത് വിതരണം ചെയ്യുന്നതാണെന്നും പ്രസാദമാണെന്നും പറഞ്ഞതോടെ ജ്യൂസ് കുടിക്കുകയായിരുന്നുവെന്ന് ഡൽഹി സ്വദേശിയായ പരാതിക്കാരൻ വ്യക്തമാക്കി.
സംഭവത്തിൽ മോഷണം നടന്നതായി റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ പ്രതിയുടെ ഉദ്ദേശ്യമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതാമാക്കിയതായി പോലീസ് അറിയിച്ചു.
Comments