ന്യൂഡൽഹി : മുൻ എംഎൽഎ ജോർജ് എം തോമസിന്റെ ലവ് ജിഹാദ് പ്രസ്താവനയ്‌ക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലവ് ജിഹാദ് എന്ന വാക്ക് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നാണ് യെച്ചൂരി പറഞ്ഞത്. ഒരു സ്ത്രീയ്‌ക്കും പുരുഷനും ഒന്നിച്ച് ജീവിക്കാൻ ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. ജോർജ് എം തോമസിന്റെ പ്രസ്താവന സംസ്ഥാന ഘടകം പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു.
കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവും മുസ്ലീം വിഭാഗക്കാരനുമായ ഷെജിനും ക്രിസ്ത്യാനിയായ ജോയ്‌സ്‌നയും തമ്മിലുളള പ്രണയവും വിവാഹവും വിവാദമാിരുന്നു. ഈ പശ്ചാത്തലത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസ് നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്.
പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഷിജിൻ പ്രണയവും വിവാഹവും പാർട്ടിയെ അറിയിക്കുകയോ പാർട്ടിയിൽ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇത് സമുദായങ്ങൾ തമ്മിൽ കലാപം ഉണ്ടാക്കാനുള്ള പ്രവൃത്തിയാണെന്നുമാണ് ജോർജ് എം തോമസ് പറഞ്ഞത്. ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നും ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോർജ് എം തോമസ് പറഞ്ഞിരുന്നു.
ലവ് ജിഹാദിനെതിരെയും സിപിഎം നേതാവ് പ്രതികരിച്ചിരുന്നു. കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നും എസ്ഡിപിഐ, ജമാഅത്ത ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നുമാണ് ജോർജ് എം തോമസ് പറഞ്ഞത്. ഇത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
















Comments