ന്യൂഡൽഹി: ദിയോഗർ റോപ് വേ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാപ്രവർത്തകരുടെ ധീര പ്രയത്നത്തെ രാജ്യം മുഴുവൻ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദിയോഗർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനിടെയാണ് നരേന്ദ്രമോദിയുടെ പരാമർശം.
രാജ്യത്ത് അപകടത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ചുമതലപ്പെട്ടവരാണ് രക്ഷാപ്രവർത്തകർ. നമ്മുടെ കരസേന, വ്യോമസേന, എൻഡിആർഎഫ്, ഇന്തോ-ടിബറ്റൻ അതിർത്തി സേന, പോലീസ് സേന എന്നിങ്ങനെയുള്ളവർ അപായത്തിൽപ്പെടുന്നവരെ ഏതുവിധേനയും രക്ഷപ്പെടുത്താൻ വൈദഗ്ധ്യമുള്ളവരാണ്. നിങ്ങളുടെ കഴിവിനെയോർത്ത് ഈ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഏത് പ്രതിസന്ധി ഉടലെടുത്താലും നാമെല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് ആ പ്രതിസന്ധിയിൽ നിന്നും കരകയറുമെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. മൂന്ന് ദിവസം, മുഴുവൻ നേരവും സമർപ്പിച്ച് രാജ്യത്തെ പൗരന്മാരെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ അത്യധികം ബുദ്ധിമുട്ടേറിയ രക്ഷാപ്രവർത്തനമാണ് നിങ്ങൾ പൂർത്തീകരിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദിയോഗർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
















Comments