മുംബൈ: ബോളിവുഡിലെ പ്രണയ ജോഡികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹചടങ്ങുകൾ നടക്കുന്ന ആവേശത്തിലാണ് ആരാധകർ. വിവാഹത്തോടനുബന്ധിച്ച് മുംബൈയിൽ നടക്കുന്ന ചടങ്ങുകളിലേക്ക് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് പ്രവേശനം. ഏപ്രിൽ 14ന് വിവാഹം നിശ്ചയിച്ചിരിക്കെ ഇന്ന് മെഹന്തി ചടങ്ങുകളിൽ പങ്കെടുക്കാനാണ് താരങ്ങൾ എത്തിച്ചേർന്നത്.
ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാനും സഹോദരി ഷഹീൻ ഭട്ടും അടുത്ത ബന്ധുവായ ടീന റസ്ദാനും ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചാണ് കുടുംബാംഗങ്ങൾ എത്തിയത്. മുംബൈയിലെ രൺബീർ കപൂറിന്റെ വസതിയിലായിരുന്നു ചടങ്ങുകൾ നടന്നത്.

ചടങ്ങിൽ പങ്കെടുക്കാൻ രൺബീറിന്റെ കുടുംബാംഗങ്ങളായ കരീന കപൂർ, കരിഷ്മ കപൂർ, അമ്മ നീതു കപൂർ, സഹോദരി റിദ്ധിമ, മഹേഷ് ഭട്ട്, പൂജാ ഭട്ട്, കരൺ ജോഹർ എന്നിവർ എത്തിച്ചേരുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

2018 മുതലാണ് രൺബീറും ആലിയയും പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം നാളെ (ഏപ്രിൽ 14) രൺബീറിന്റെ വീട്ടിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. വൈകിട്ട് മൂന്ന് മണിയോടെ ചടങ്ങുകൾ തുടങ്ങുമെന്നാണ് വിവരം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിലാണ് വിവാഹം.
Comments