ഇസ്ലാമാബാദ്: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇനി താന്‍ കൂടുതല്‍ അപകടകാരിയായി മാറിയേക്കാമെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. പെഷവാറില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍. ‘ സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ ഞാന്‍ ഒട്ടും അപകടകാരിയായിരുന്നില്ല. പക്ഷേ ഇപ്പാള്‍ ഞാന്‍ വളരെയധികം അപകടകാരിയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിയായിരുന്ന തന്നെ താഴെയിറക്കാന്‍ വൃത്തികെട്ട കളി പ്രതിപക്ഷം കളിച്ചുവെന്നും ഇമ്രാന്‍ ആരോപിച്ചു.
‘അവിശ്വാസ പ്രമേയം നടത്തണമെന്ന് ഉത്തരവിറക്കാന്‍ അര്‍ദ്ധരാത്രിയില്‍ പാക് കോടതി തുറന്നു. ഇതെല്ലാം ഗൂഢാലോചനയുടെ തെളിവുകളാണ്. പാതിരാത്രി തന്നെ കോടതി തുറന്ന് ഉത്തരവിടാന്‍, താന്‍ ഒരു നിയമങ്ങളും ലംഘിച്ചിട്ടില്ല. പുതിയ സര്‍ക്കാരിനെ ഇറക്കുമതി ചെയ്തിരിക്കുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്ത് ഓരോ തവണ നേതാക്കള്‍ പുറത്താക്കപ്പെടുമ്പോള്‍ രാജ്യത്ത് ജനങ്ങള്‍ ആഘോഷ പരിപാടികള്‍ നടത്താറുണ്ട്. പക്ഷേ ഇത്തവണ മാത്രം അങ്ങനെ സംഭവിച്ചില്ല.
എനിക്ക് വേണ്ടി വലിയ വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. പുതിയ സര്‍ക്കാരിനെ പാകിസ്താന് മേല്‍ അടിച്ചേല്‍പ്പിച്ച് അമേരിക്ക നമ്മളെ അധിക്ഷേപിച്ചിരിക്കുകയാണ്. അമേരിക്കയുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സുള്‍ഫിക്കര്‍ അലി ഭൂട്ടോ പുറത്തായത്. പക്ഷേ ഇത് 1970ല്‍ കണ്ട പാകിസ്താനല്ല. ഇത് പുതിയ പാകിസ്താനാണ്. വിദേശ ശക്തികള്‍ പാകിസ്താന് മേല്‍ അവരുടെ അധികാരം പ്രയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും ‘ ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി
Comments