പാലക്കാട് / ന്യൂഡൽഹി : വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ മാതാവും, മകളും യമനിലേക്ക്. യാത്രയ്‌ക്കായുള്ള അനുമതിയ്‌ക്കായി ഇരുവരും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. മരിച്ച തലോലിന്റെ കുടുംബത്തെയും ബന്ധുക്കളെയും നേരിട്ടു കണ്ട് സംസാരിക്കുന്നതിന് വേണ്ടിയാണ് ഇവർ യമനിലേക്ക് പോകാൻ ഒരുങ്ങുന്നത്.
അമ്മ പ്രേമകുമാരിക്കും എട്ടുവയസ്സുള്ള മകൾക്കും പുറമേ സേവ് ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിലെ അംഗങ്ങളും യമനിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കൗൺസിലിലെ നാല് അംഗങ്ങളും പ്രേമകുമാരിക്കും, എട്ടുവയസ്സുകാരിയ്‌ക്കുമൊപ്പം കേന്ദ്രവിദേശ കാര്യമന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. തലോലിന്റെ കുടുംബത്തോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി മാപ്പ് അപേക്ഷിച്ച് ശിക്ഷയിൽ നിന്നും നിമിഷ പ്രിയയെ രക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. യമനിൽ എത്തുന്ന ഇവർ ജയിലിൽ എത്തി നിമിഷ പ്രിയയെ കണ്ടേക്കും.
2017 ലാണ് കൊലക്കുറ്റത്തിന് നിമിഷ പ്രിയയെ യമൻ ജയിലിൽ അടച്ചത്. പിന്നീട് വധശിക്ഷയ്‌ക്കും വിധിച്ചു. വധശിക്ഷ ഒഴിവാക്കാനായി നിമിഷ പ്രിയ ഹർജി നൽകിയെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഇതോടെ നിലവിൽ തലാലിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുക മാത്രമാണ് നിമിഷ പ്രിയയുടെയും, കുടുംബത്തിന്റെയും മുന്നിലുള്ള ഒരേയൊരു പോംവഴി.
കഴിഞ്ഞ ആഴ്ച നിമിഷ പ്രിയ അമ്മയ്‌ക്ക് അയച്ച കത്തിൽ മനപ്പൂർവ്വം ചെയ്തതല്ലാത്തതു കൊണ്ടുതന്നെ തലാലിന്റെ ബന്ധുക്കൾ മാപ്പ് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് യമനിലേക്ക് പോകാൻ തീരുമാനിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ.
Comments