കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഏപ്രിൽ 15 നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു ക്രൈംബ്രാഞ്ചിന് കോടതി നൽകിയിരുന്ന നിർദ്ദേശം. സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാർ കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തൽ ആണ് തുടരന്വേഷണത്തിലേക്ക് നയിച്ചത്. കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ സമയപരിധി അവനാസിച്ചത് അന്വേഷണ സംഘത്തിന് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. അടുത്ത ആഴ്ച ഹർജി പരിഗണിക്കുമ്പോൾ സമയം നീട്ടി നൽകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.
അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകണം എന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുമ്പോൾ കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന കാര്യം ഉൾപ്പെടെ കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന് നോട്ടിസ് അയച്ചും ദിലീപിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ ഹാജരായിരുന്നില്ല. ഇക്കാര്യവും കോടതിയെ അറിയിക്കും. നിലവിലെ അന്വേഷണത്തിന്റെ പുരോഗതിയും കോടതിയെ അറിയിച്ച് സമയം നീട്ടിവാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
Comments