തൃശൂർ : കുന്നംകുളത്ത് കാൽനടയാത്രക്കാരനായ തമിഴ്‌നാട് സ്വദേശി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർമാർ അറസ്റ്റിൽ. കെ സ്വിഫ്റ്റ് ഡ്രൈവറെയും പിക്കപ്പ് വാൻ ഡ്രൈവറെയുമാണ് പോലീസ് പിടികൂടിയത്. വാൻ ഡ്രൈവർ സൈനുദ്ദീൻ, കെ സ്വിഫ്റ്റ് ഡ്രൈവർ വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ കുന്നംകുളത്ത് വെച്ചാണ് അപകടം നടന്നത്. അപകടത്തിൽ തമിഴ്‌നാട് സ്വദേശി പരസ്വാമി മരിച്ചു. കെ സ്വിഫ്റ്റ് ഇടിച്ചതാണ് മരണ കാരണം എന്ന റിപ്പോർട്ടുകളാണ് ആദ്യഘട്ടത്തിൽ പുറത്ത് വന്നത്. പിക്കപ്പ് വാൻ ആണ് ആദ്യം ഇടിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുകയായിരുന്നു. ചായ കുടിക്കാൻ പരസ്വാമി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
അതുവഴി വന്ന പിക്കപ്പ് വാനാണ് പരസ്വാമിയെ ആദ്യം ഇടിച്ചത്. പിന്നാലെ വന്ന കെ സ്വിഫ്റ്റിന്റെ ടയർ കാലിലൂടെ കയറി. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ശക്തമാക്കി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തത്.
















Comments