ജയ്പൂർ: സന്തതിക്കുള്ള അവകാശം ചൂണ്ടിക്കാട്ടിയ ഭാര്യയുടെ ഹർജി പരിഗണിച്ച കോടതി ഒടുവിൽ ഭർത്താവിന് പരോൾ നൽകിയ വാർത്തായാണ് ഇപ്പോൾ പുറത്തുവരുന്നത്. അൽപം കൗതുകം നിറഞ്ഞ വിധിപ്രസ്താവം നടത്തിയത് ജോധ്പൂർ ഹൈക്കോടതിയാണ്.
15 ദിവസത്തെ പരോളാണ് പ്രതിക്ക് കോടതി നൽകിയത്. തനിക്ക് സന്തതികൾ ഉണ്ടാകാനുള്ള അവകാശത്തെ ചൂണ്ടിക്കാട്ടി രേഖ എന്ന യുവതി നൽകിയ ഹർജി വിജയം കാണുകയായിരുന്നു. ജസ്റ്റിസ് സന്ദീപ് മെഹ്ത, ഫർസാന്ദ് അലി എന്നിവരാണ് ഹർജി പരിഗണിച്ചത്. തുടർന്ന് 34-കാരനായ നന്ദലാലിന് 15 ദിവസത്തെ പരോൾ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.
രാജസ്ഥാനിലെ ഭിൽവാര കോടതിയുടെ വിധി പ്രകാരം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളാണ് നന്ദലാൽ. നിലവിൽ അജ്മീറിലെ ജയിലിലാണ് ഇയാൾ തടവ് അനുഭവിക്കുന്നത്. 2021ൽ ഇരുപത് ദിവസത്തെ പരോൾ നന്ദലാലിന് ലഭിച്ചിരുന്നു. പരോൾ കാലയളവിലെ പെരുമാറ്റവും കാലാവധി കഴിഞ്ഞപ്പോൾ കൃത്യദിവസം കീഴടങ്ങിയതും കോടതി കണക്കിലെടുത്താണ് ഇപ്പോൾ പരോൾ അനുവദിച്ചത്. പ്രതി കുറ്റവാളിയാണെങ്കിലും ഭാര്യ കുറ്റകൃത്യത്തിന്റെ ഭാഗമല്ലാത്തതിനാലും, വിവാഹിതയായ ഒരു സ്ത്രീയുടെ അവകാശങ്ങളും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
















Comments