മുംബൈ : മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം വിലക്കണമെന്ന ആവശ്യം ശക്തമാക്കി മഹാരാഷ്‌ട്ര നവനിർമ്മാൺ സേന. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് സംഘടന കത്ത് നൽകി. മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. സംഭവത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും സംഘടന ആവശ്യപ്പെടുന്നു.
നവനിർമ്മാൺ സേന നാസിക് ജില്ലാ അദ്ധ്യക്ഷൻ അങ്കുഷ് പവാർ ആണ് കത്ത് നൽകിയത്. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശമുണ്ട്. എന്നാൽ ഇത് മറികടന്നുകൊണ്ടാണ് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കണം. ഇക്കാര്യത്തിൽ മഹാരാഷ്‌ട്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യമുണ്ട്.
നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയാണ് മസ്ജിദുകളിൽ ഉച്ചഭാഷിണിയുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത്. മസ്ജിദുകളിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ ഉച്ചഭാഷിണികളിൽ ഹനുമാൻ ചാലിസ വായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഹനുമാൻ ചാലിസ വായിക്കുകയും, ഇതിനെതിരെ പോലീസ് പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് നവനിർമ്മാൺ സേന കത്ത് നൽകിയിരിക്കുന്നത്.
















Comments