ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പു വരുത്തി; ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകൾ; കൊലപാതകം നടന്നത് പോലീസ് സ്‌റ്റേഷന് അര കിലോമീറ്റർ അകലെ

Published by
Janam Web Desk

പാലക്കാട്: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ വകവരുത്തിയത് ക്രൂരമായി. ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശരീരമാസകലം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയിൽ ഉൾപ്പടെ വെട്ടി മരണം ഉറപ്പുവരുത്തിയ ശേഷമായിരുന്നു അക്രമികൾ പോയത്.

ബിജെപിക്ക് സ്വാധീനമുളള മേഖലയാണ് മേലാമുറി. ഇരുചക്ര വാഹനങ്ങളുടെ കച്ചവടം നടത്തുകയായിരുന്നു ശ്രീനിവാസൻ. ഈ കടയിലേക്കാണ് അക്രമികൾ പകൽവെളിച്ചത്തിൽ എത്തിയത്. മൂന്ന് ബൈക്കുകളിലായി അക്രമികൾ എത്തുന്നതും ബൈക്കുകൾക്ക് പിന്നിൽ ഇരുന്നവർ കടയിലേക്ക് ഓടിക്കയറി കൊലപാതകത്തിന് ശേഷം തിരികെ ബൈക്കിൽ കയറി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

റോഡിന്റെ എതിർഭാഗത്ത് നിന്നും എത്തിയ ഇവർ ബൈക്കുകൾ തിരിച്ച് ശ്രീനിവാസന്റെ കടയോട് ചേർത്ത് നിർത്തിയ ശേഷമായിരുന്നു അക്രമം നടത്തിയത്. ആദ്യം ഒരു ബൈക്കിന് പിന്നിലിരുന്ന ആൾ ഇറങ്ങി. ഇയാൾ അക്രമത്തിന് തുടക്കമിട്ടതോടെ ബാക്കി രണ്ട് പേർ കൂടി ഇറങ്ങി കടയിലേക്ക് കയറുകയായിരുന്നു.

സമീപത്തുണ്ടായിരുന്നവർ സംഭവം മനസിലാക്കി കടയിലേക്ക് ഓടിയെത്താൻ തുടങ്ങിയപ്പോഴേക്കും കൃത്യം നടത്തി പ്രതികൾ ബൈക്കിൽ കയറി മടങ്ങിയിരുന്നു. പാലക്കാട് നോർത്ത് പോലീസ് സ്‌റ്റേഷനിൽ നിന്നും 500 മീറ്റർ മാത്രമാണ് ഇവിടേക്കുളള ദൂരം. അതുകൊണ്ടു തന്നെ പോലീസിന്റെ ഭാഗത്ത് നിന്നുളള വീഴ്ച പ്രകടമായി തെളിയുകയാണ്. കൊലപാതകത്തിന്റെ ക്രൂരമായ രീതി വിലയിരുത്തിയാണ് പരിശീലനം സിദ്ധിച്ച ക്രിമിനലുകളാണ് കൊല നടത്തിയതെന്ന് സംശയം ഉയരുന്നത്.

ഇന്നലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ജില്ലയിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ പല കോണുകളിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം നേരിട്ട് വ്യക്തമാക്കിയിട്ടും നവമാദ്ധ്യമങ്ങളിലടക്കം രാഷ്‌ട്രീയ കൊലവിളികൾ ഉയർന്നിരുന്നു. ഭീഷണികളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉയർത്തിയെന്നായിരുന്നു പോലീസിന്റെ അവകാശവാദം.

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ തന്നെ
ബിജെപി പ്രവർത്തകരുടെ വീടുകൾ കയറുകയും പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. തുടർ സംഘർഷങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന വ്യക്തമായ മുന്നറിയിപ്പുകൾ പോലീസിന് ലഭിച്ചിട്ടും വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് വേണം കരുതാൻ.

Share
Leave a Comment