ന്യൂഡൽഹി: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ഗാന്ധി കുടുംബത്തെ നേരിൽ കണ്ട് പ്രശാന്ത് കിഷോർ. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്‌ച്ച നടത്തി. കോൺഗ്രസിൽ ചേരണമെന്ന് നേതാക്കൾ കൂടിക്കാഴ്‌ച്ചയിൽ ആവശ്യപ്പെട്ടതായാണ് സൂചന. ഇതിന് മുൻപും കോൺഗ്രസ് നേതാക്കളുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
നാല് മണിക്കൂറിലധികം നേരം കൂടിക്കാഴ്‌ച്ച നീണ്ടു. ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്‌ച്ചയെന്നാണ് വിശദീകരണം. എന്നാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചർച്ചകളാണ് പുരോഗമിക്കുന്നതെന്നാണ് പ്രശാന്തുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുന്നത് സംബന്ധിച്ച് പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിവധ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്നിവ സംബന്ധിച്ച് വിശദമായ പദ്ധതിരേഖ കിഷോർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം നേരിടേണ്ടി വന്ന കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഇനി എന്ത് ചെയ്യാനാകുമെന്നത് സംബന്ധിച്ചും ഇന്ന് ചർച്ച നടന്നു.
പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനും അവ പ്രാവർത്തികമാക്കാനും ഒരു സമിതിയ്‌ക്ക് ഉടൻ രൂപം നൽകുമെന്ന് ചർച്ചയ്‌ക്ക് ശേഷം കെ.സി വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസിനെ പർണ്ണമായും ഉടച്ചുവാർക്കുന്ന നിർദ്ദേശമാണ് പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ചതെന്നും കെസി വേണുഗോപാൽ അറിയിച്ചു. അതേസമയം മെയ് രണ്ടിനുള്ളിൽ തന്റെ ഭാവി പരിപാടിയെ കുറിച്ച് വ്യക്തമാക്കുമെന്നാണ് പ്രശാന്ത് കിഷോർ നേരത്തെ അറിയിച്ചത്.
Comments