മുംബൈ: ഇന്ത്യൻ ബോക്‌സ്ഓഫീസ് തകർത്തെറിഞ്ഞ് കെജിഎഫ് ചാപ്റ്റർ 2. ഈ വർഷം ഇന്ത്യൻ ബോക്‌സ്ഓഫീസിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് യാഷ് നായകനായെത്തിയ ചിത്രം കെജിഎഫ്. ആദ്യ ദിനം ഇന്ത്യയിൽ നിന്നുമാത്രം 134.5 കോടി നേടിയിരുന്ന ചിത്രം രണ്ടാം ദിനവും ആ പാത പിന്തുടർന്നിരിക്കുകയാണ്. 100 കോടിയ്‌ക്ക് മുകളിൽ തന്നെ കളക്ഷൻ രണ്ടാം ദിവസവും കെജിഎഫ് നേടി.
105.5 കോടിയാണ് കെജിഎഫ് ചാപ്റ്റർ 2ന്റെ രണ്ടാം ദിവസത്തെ ഇന്ത്യൻ കളക്ഷൻ. ആദ്യ രണ്ട് ദിനങ്ങളിൽ ഇന്ത്യയിൽ നിന്ന് മാത്രം 240 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള ഇടങ്ങളിൽ റെക്കോർഡ് ഓപ്പണിങ്ങാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തിൽ റിലീസ് ദിനത്തിൽ ചിത്രം നേടിയ 7.48 കോടി ആണെന്നാണ് വിവരം. ശ്രീകുമാർ മേനോന്റെ ഒടിയനെ മറികടന്നാണ് കെജിഎഫ് 2ന്റെ നേട്ടം. ഏപ്രിൽ 14നാണ് കെജിഎഫിന്റെ രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായിരുന്നു റിലീസ്. സഞ്ജയ് ദത്താണ് ചിത്രത്തിൽ വില്ലനായി എത്തിയിരിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂർ ആണ് നിർമ്മാണം. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്.
















Comments