തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റ് വീശിയടിച്ചേക്കാം. ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിലാണ് ഉച്ചയ്‌ക്ക് ശേഷം കൂടുതൽ മഴ ലഭിക്കുക.
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശം പിൻവലിച്ചു.
ഏപ്രിൽ 19 മുതൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പശ്ചിമഘട്ടത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴ പെയ്യും. ഇതുവരെ 121 ശതമാനം അധികം വേനൽ മഴ ലഭിച്ചുവെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Comments