ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്. ഡൽഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഡൽഹിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് കമ്മീഷർ രാകേഷ് അസ്താന പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആക്രമണത്തെ സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വ്യാജ വാർത്തകൾ നൽകരുതെന്നും പോലീസിന്റെ നിർദേശമുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പോലീസ് കമ്മീഷണറുമായും ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ കമ്മീഷണറുമായും സംസാരിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എല്ലാ ജനങ്ങളും സമാധാനം പാലിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും രംഗത്തെത്തി.
വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ആക്രമണം ഉണ്ടായത്. റാലിക്ക് നേരെ മതമൗലികവാദികൾ കല്ലെറിഞ്ഞ് സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്. റാലിയിൽ പങ്കെടുത്ത ആളുകൾക്കും പോലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം.
















Comments