ന്യൂഡൽഹി: ഡൽഹിയിൽ ഹനുമാൻ ജയന്തി ദനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം നടന്നതോടെ രാജ്യതലസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്. മതമൗലിക വാദികളുടെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗിർ പുരിയിൽ വൻ പോലീസ് സന്നാഹത്തെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ളത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നോയിഡ പോലീസും ജാഗ്രത സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ സുരക്ഷയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നോയിഡ പോലീസ് ഫ്‌ളാഗ് മാർച്ച് നടത്തി. സമാധാനം നിലനിർത്താനും വ്യാജ പ്രചാരണങ്ങൾക്ക് ചെവികൊടുക്കാതിരിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി ജോയിന്റ് പോലീസ് കമ്മീഷണർ ലവ് കുമാർ പറഞ്ഞു.
ഘോഷ യാത്രയ്‌ക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് വൻ സംഘർഷമാണ് ശനിയാഴ്ച വൈകിട്ട് ജഹാംഗിർ പുരിയിലുണ്ടായത്. സംഘർഷത്തിൽ എട്ട് പോലീസുകാരുൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ഒരു പോലീസുകാരന് വെടിയേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഹനുമാൻ ജയന്തി ദിനമായ ഇന്നലെ വളരെ സമാധാനപരമായാണ് ഘോഷ യാത്ര തുടങ്ങിയതെന്നും എന്നാൽ സി-ബ്ലോക്കിലെ മസ്ജിദിന് സമീപം എത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും ഇൻസ്‌പെക്ടർ രാജീവ് രഞ്ജൻ അറിയിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേർ കസ്റ്റഡിയിലാണ്. ഇതിൽ ഒമ്പത് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു. അതേസമയം നിലവിൽ രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാണ്. അന്തരീക്ഷം സമാധാനപരമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.
ആക്രമണം നടന്നതിന് പിന്നാലെ ഡൽഹിയിൽ സംഘർഷ സാഹചര്യം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ ഇടപെട്ടിരുന്നു. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അമിത് ഷാ ഡൽഹി പോലീസിന് നിർദേശം നൽകി. ആക്രമണത്തെ അപലപിച്ച ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ സമാധാനം നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
Comments