ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ഭാരതത്തെ സാമ്പത്തിക ശക്തിയെന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്നും ബ്രിട്ടൺ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ആണ് ഇന്ത്യ. അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൂടി യാണ്. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടൺ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് നല്ലാതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാവസായിക – പ്രതിരോധ രംഗത്ത് കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടൺ പ്രധാനമന്ത്രി ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് പുറമേ തൊഴിൽ സാദ്ധ്യതകൾ, സാമ്പത്തിക വളർച്ച, തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.
ഏപ്രിൽ 21 ന് അഹമ്മദാബാദിൽ ആണ് ബോറിസ് ജോൺസൺ എത്തുക. ആദ്യമായാണ് ബ്രിട്ടൺ പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കുന്നത്. ബ്രിട്ടണിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള ഇന്ത്യയിലെ സംസ്ഥാനം ആണ് ഗുജറാത്ത്. അഹമ്മദാബാദിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അദ്ദേഹം ന്യൂഡൽഹിയിലേക്ക് പോകും. ഗുജറാത്തിൽ ജോൺസൺ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.
Comments