ബംഗളൂരു : സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റിനെ ചൊല്ലി കർണാടകയിൽ പോലീസ് സ്റ്റേഷന് നേരെ ആക്രമണം. ധർവാദ് ജില്ലയിലുള്ള പഴയ ഹൂബ്ലി പോലീസ് സ്റ്റേഷന് നേരെ ആൾക്കൂട്ടം കല്ലേറ് നടത്തി. ആക്രമണത്തിൽ 12 പോലീസുകാർക്ക് പരിക്കേറ്റു. തുടർന്ന് സംഭവത്തിൽ 40 ഓളം പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മുസ്ലീം വിഭാഗത്തെ ലക്ഷ്യം വെച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ രാത്രിയോടെ ഒരു കൂട്ടം ആളുകൾ ചേർന്ന് പോലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തുകയായിരുന്നു.
ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമത്തെ തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹൂബ്ലി പോലീസ് കമ്മീഷണർ അറിയിച്ചു. ഇത് ഇനിയും ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറാൻ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞത്.
Comments