ബെംഗളൂരു: ആംബുലൻസുകൾക്കും അത്യാഹിത വാഹനങ്ങൾക്കും ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പല രാഷ്‌ട്രീയ വാഹനവ്യൂഹങ്ങളും റോഡുകളിൽ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഒരു വേറിട്ട കാഴ്ചയാകുകയാണ് ഒരു കേന്ദ്ര മന്ത്രി. തന്റെ കൺമുന്നിൽ വച്ച് ഒരു റോഡപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ താൻ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ വിട്ടു നൽകിയ കേന്ദ്ര മന്ത്രിയാണ് വാർത്തകളിലെ താരം. തന്റെ വാഹനം വിട്ടുനൽകിയ മന്ത്രി, ഒരു ബൈക്കിലാണ് യാത്ര തുടർന്നത്.
കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭാ കരന്തലജെയാണ് തന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ വിട്ടു നൽകിയത്. പിന്നീട് അതുവഴി വന്ന ഒരു ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി യാത്ര തുടർന്നാണ് മന്ത്രി ഏവരെയും അമ്പരപ്പിച്ചത്. കർണാടകയിലാണ് സംഭവം. സ്‌കോഡ കുഷാഖും ടൊയോട്ട ഫോർച്യൂണർ ലെജൻഡറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം കേന്ദ്ര മന്ത്രി തന്റെ വാഹനത്തിൽ ഇതേ റോഡിലൂടെ പോകുകയായിരുന്നു.
വിജയനഗർ ജില്ലയിലെ ഹൊസപേട്ടയിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തന സമിതി യോഗത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കാറിൽ വരികയായിരുന്നു മന്ത്രി. അപകടത്തിൽപ്പെട്ടവരെ കണ്ട മന്ത്രി വാഹനം നിർത്തി അവരെ സഹായിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അവരുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി, അവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ തന്റെ ഔദ്യോഗിക കാർ തന്നെ വിട്ടു നൽകി. തന്റെ ഡ്രൈവറോട് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
















Comments