പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടുമായി ഒരുമിച്ച് ചർച്ചയ്‌ക്കില്ലെന്ന് ബിജെപി. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സും ആയുധ പരിശീലനവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ അറിയിച്ചു. സർവ്വകക്ഷിയോഗത്തിൽ നിന്നും ബിജെപി ഇറങ്ങിപ്പോയതിന് പിന്നാലെ ഇരുവിഭാഗങ്ങളേയും ഒന്നിച്ചിരുത്തി ചർച്ച ചെയ്യുമെന്ന് കളക്ടർ അറിയിച്ചിരുന്നു. പിന്നാലെയാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.
സർവ്വകക്ഷി യോഗം പ്രഹസനമെന്ന് ആരോപിച്ചാണ് ബിജെപി ബഹിഷ്‌കരിച്ചത്. കൊലയാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ബിജെപി ആരോപിച്ചു. സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പരിപൂർണ ഉത്തരവാദിത്വം പോലീസിനാണ്. അക്രമണം നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കൃഷ്ണ കുമാർ ഇന്നലെ പറഞ്ഞിരുന്നു.
ശനിയാഴ്ച ഉച്ചയ്‌ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. ആറ് പേരായിരുന്നു അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. വാളുകളുമായി എത്തിയ മൂന്ന് പേർ കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസനെ ആക്രമിക്കാൻ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശരീരത്തിലാകെ പത്തിലധികം മുറിവുകൾ സംഭവിച്ചതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
Comments