ന്യൂഡൽഹി: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഏപ്രിൽ 24-25 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് എന്ന നിലയിലുള്ള അവരുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായും മറ്റ് പ്രമുഖരുമായും അവർ കൂടിക്കാഴ്ച നടത്തും. റെയ്സിന ഡയലോഗിന്റെ ഈ വർഷത്തെ എഡിഷനിലേക്ക് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിനെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്, ഏപ്രിൽ 25ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇവർ സംസാരിക്കും.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ ബന്ധമാണ് നിലനിൽക്കുന്നത്. രാഷ്‌ട്രീയ, വ്യാപാര, വാണിജ്യമേഖലയിലും കാലാവസ്ഥ,സുസ്ഥിരത,ഡിജിറ്റൽ സാങ്കേതിക വശങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയിൽ വിശാലവും ആഴത്തിലുള്ളതുമായ ബന്ധമാണ് നിലനിൽക്കുന്നത്.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിന്റെ സന്ദർശനം യൂറോപ്യൻ യൂണിയനുമായുള്ള ബഹുമുഖ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമായിരിക്കും.
Comments