വാഷിംഗ്ടൺ: ജീവനക്കാരന്റെ പിറന്നാളിന് സർപ്രൈസ് പാർട്ടി ഒരുക്കിയ കമ്പനിയ്‌ക്ക് കിട്ടിയത് മുട്ടൻ പണി. അമേരിക്കയിലെ ഗ്രാവിറ്റി ഡയഗ്നോസ്റ്റിക്‌സ് എന്ന കമ്പനിയ്‌ക്കാണ് ജീവനക്കാരന്റെ പിറന്നാൾ ആഘോഷിച്ചതിന് പണി കിട്ടിയത്. അമേരിക്കയിലെ കെന്റക്കി സ്വദേശിയായ ജീവനക്കാരന്റെ പരാതിയിൽ 4,50,000 ഡോളർ(മൂന്നരകോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു.തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് പരാതിക്കാരനായ കെവിൻ ബെർലിങ് കമ്പനിയോട് അഭ്യർത്ഥിച്ചിരുന്നു. തനിക്ക് മാനസിക സമ്മർദ്ദവും വിഷാദരോഗവും ഉണ്ടെന്നും അത് പരിഗണിക്കണമെന്നുമായിരുന്നു കെവിന്റെ ആവശ്യം.
എന്നാൽ കമ്പനി സർപ്രൈസായി പിറന്നാൾ പാർട്ടി നടത്തുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിതനായ കെവിന് പാനിക്ക് അറ്റാക്കുണ്ടായി. ഇതിന് പിന്നാലെയാണ് കെവിൻ പരാതി നൽകിയത്. തനിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും പാനിക്ക് അറ്റാക്കും ചെറുപ്പത്തിലെ മോശം അനുഭവങ്ങളുടെ ഓർമ്മകൾ വരുമെന്ന് പറഞ്ഞിട്ടും കമ്പനി പാർട്ടി നടത്തുകയായിരുന്നു. ശാരീരിക-മാനസിക അവശതകൾ കാരണം തനിക്ക് പരിപാടിയ്‌ക്കിടയിൽ നിന്ന് ഇറങ്ങി പോരേണ്ടി വന്നുവെന്നും ഉച്ചഭക്ഷണം കഴിച്ചത് കാറിനുള്ളിൽ ഇരുന്നാണെന്നും കെവിൻ പരാതിയിൽ വ്യക്തമാക്കുന്നു.
ആഘോഷത്തിന് ശേഷം പിറ്റേന്ന് നടന്ന മീറ്റിങ്ങിൽ കെവിന്റെ പ്രവൃത്തിക്കെതിരെ കമ്പനി രൂക്ഷവിമർശനം ഉയർത്തുകയും കളിയാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സഹപ്രവർത്തകരുടെ സന്തോഷം ഇല്ലാതാക്കിയെന്നാണ് വിമർശനം ഉയർന്നത്.ഇതിന് പിന്നാലെ കെവിനെ ജോലിയിൽ നിന്ന് പുറത്താക്കുന്നതായി അറിയിച്ച് കമ്പനി നോട്ടീസ് നൽകി.ജോലി സ്ഥലത്തെ സുരക്ഷിതത്വം പരിഗണിച്ച് ഇത് പോലൊരാളെ ജോലിയിൽ തുടരാൻ അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു കമ്പനിയുടെ വാദം.
എന്നാൽ തന്റെ അവസ്ഥയെ അപമാനിക്കുകയാണ് സ്ഥാപനം നടന്നതെന്ന് കെവിൻ ആരോപിച്ചു.രണ്ട് ദിവസം കോടതിയിൽ നടന്ന വിചാരണയ്‌ക്കൊടുവിൽ ജീവനക്കാരന് അനുകൂലമായി വിധി വരികയായിരുന്നു. 4,50,000 ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ഇതിൽ 3,00000 ലക്ഷം ഡോളർ മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടതിനും ഒന്നര ലക്ഷം ഡോളർ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിനെ തുടർന്ന് നഷ്ടപ്പെട്ട ശമ്പളവുമാണ്. എന്നാൽ വിധിക്കെതിരെ അപ്പീലിന് പോകാൻ ഒരുങ്ങുകയാണ് കമ്പനി.
















Comments