ഇടുക്കി: യുവാവിന്റെ മൂക്കിൽ നിന്നും ജീവനുള്ള കുളയട്ടയെ പുറത്തെടുത്തു. കട്ടപ്പന സ്വദേശി വാലുമ്മേൽ ഡിബിൻ എബ്രഹാമിന്റെ മൂക്കിൽ നിന്നുമാണ് കുളയട്ടയെ പുറത്തെടുത്തത്. മൂന്ന് ആഴ്ചയോളമാണ് കുളയട്ട ഡിബിന്റെ മൂക്കിൽ കഴിഞ്ഞത്. നിർത്താതെയുള്ള തുമ്മൽ ഉണ്ടായിട്ടും ഡിബിൻ കാര്യമാക്കിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മൂക്കിൽ നിന്നും രക്തം വന്നതോടെ യുവാവ് ആശുപത്രിയെ സമീപിക്കുകയായിരുന്നു.
എൻഡോസ്കോപ്പിയടക്കം ആദ്യം ചെയ്തു നോക്കിയെങ്കിലും മൂക്കിൽ നിന്നും രക്തം വരാനുള്ള കാരണം ആദ്യം കണ്ടെത്തിയിരുന്നില്ല. തുടർന്ന് തുള്ളിമരുന്ന് നൽകി വിട്ടയക്കുകയായിരുന്നു. ആയൂർവേദ ആശുപത്രിയെ സമീപിച്ചിട്ടും പരിഹാരം കാണാനായില്ല. പിന്നാലെ ഇന്നലെ ഇഎൻടി ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയപ്പോഴാണ് മൂക്കിനുള്ളിൽ കുളയട്ടയെ കണ്ടെത്തിയത്.
നാല് സെന്റി മീറ്റർ വലിപ്പമുള്ള കുളയട്ടയെ ആണ് മൂക്കിൽ നിന്നും പുറത്തെടുത്തത്. ഏലത്തോട്ടത്തിന് നടുവിലുള്ള അരുവിയിൽ നിന്നും ഈ അടുത്ത ദിവസം ഡിബിൻ മുഖം കഴുകിയിരുന്നു. അപ്പോഴാകാം അട്ട മൂക്കിനുള്ളിൽ പ്രവേശിച്ചതെന്നാണ് വിവരം.
Comments