മോസ്‌കോ: സർമാറ്റ് ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അറിയിച്ചു. വരും തലമുറ റഷ്യയെ ആക്രമിക്കാൻ ഭയക്കുമെന്നും, ശസ്ത്രുക്കൾ രണ്ടുവട്ടം ചിന്തിക്കുമെന്നും പുടിൻ പറഞ്ഞു. റഷ്യയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശത്തുള്ള പ്ലെസ്റ്റെ്‌സ്‌കിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്.
പ്ലെസ്റ്റെ്‌സ്‌കിൽ നിന്നും വിക്ഷേപിച്ച മിസൈൽ, കിഴക്കൻ കംചത്ക ഉപദ്വീപിലാണ് പതിച്ചതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘സർമാറ്റ് ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു,” പുടിൻ സൈന്യത്തോട് പറഞ്ഞു. ‘ഈ അതുല്യമായ ആയുധം നമ്മുടെ സായുധ സേനയുടെ പോരാട്ട ശേഷി ബലപ്പെടുത്തുകയും ബാഹ്യ ഭീഷണികളിൽ നിന്ന് റഷ്യയുടെ സുരക്ഷ കൂടുതൽ ഊട്ടിയുറപ്പിക്കുകയും ചെയ്യും. മിസൈലിന്റെ ഭയാനകമായ പ്രകടനം കണ്ട്, നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ ശ്രമിക്കുന്നവർ രണ്ടുതവണ ചിന്തിക്കും’ പുടിൻ കൂട്ടിച്ചേർത്തു.
ഓരോ മിസൈലിലും പത്തോ അതിലധികമോ വാർഹെഡുകൾ ഉപയോഗിച്ച് വിന്യസിക്കാൻ സാധിക്കുന്ന പുതിയ ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈൽ മിസൈലാണ് സർമാറ്റ് എന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് പറയുന്നു. യുക്രെയ്ൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ റഷ്യ ഇത്തരത്തിലുള്ള മിസൈൽ പരീക്ഷണം നടത്തിയതിൽ ലോക രാഷ്‌ട്രങ്ങൾ ആശങ്കയിലാണ്.
Comments