തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ശുപാർശ നൽകി ടൂറിസം വകുപ്പ്. കാലപഴക്കത്തെ തുടർന്നാണ് കാറുകൾ മാറ്റാൻ ടൂറിസം വകുപ്പ് ശുപാർശ നൽകിയത്. ധനകാര്യ വകുപ്പ് ഇക്കാര്യം പരിശോധിച്ചുവരികയാണ്. ഇപ്പോൾ മന്ത്രമാർ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വാങ്ങിയവയാണ്.
2019ന് ശേഷം മന്ത്രിമാർക്കായി വാഹനം വാങ്ങിയിട്ടില്ല. മിക്കവയും ഒന്നരലക്ഷം കിലോമീറ്റർ പിന്നിട്ടു. മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ, മൂന്ന് വർഷത്തെ സേവന കാലാവധിയോ കഴിയുമ്പോൾ, മാറി നൽകും. മന്ത്രിമാർ ഉപയോഗിച്ച പഴയ വാഹനങ്ങൾ ടൂറിസം വകുപ്പ് തിരിച്ചെടുത്താൽ, സർക്കാർ നിർദ്ദേശപ്രകാരം വിവിധ വകുപ്പുകളുടെ ആവശ്യത്തിന് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാം.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മുഖ്യമന്ത്രിയ്‌ക്ക് മാത്രമാണ് പുതിയ കാർ ലഭിച്ചത്. അദ്ദേഹത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് 62.5 സക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റയും അകമ്പടിയായി ടാറ്റ ഹാരിയറും വാങ്ങിയത്. ആഭ്യന്തരവകുപ്പാണ് മുഖ്യമന്ത്രിയ്‌ക്ക് കാർ വാങ്ങിയത്.
Comments