ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും.രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തുന്ന ബോറിസ് ജോൺസൺ.ഗുജറാത്തിലെ അഹമ്മദാബാദിലാണ് വിമാനമിറങ്ങുക. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അഹമ്മദാബാദിലെത്തുക.
ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന ബോറിസ് ജോൺസണെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശത്തും കലാരൂപങ്ങൾ അണി നിരത്തും. 10 മണിയോടെ അദ്ദേഹം സബർമതി ആശ്രമം സന്ദർശിക്കും. തുടർന്ന് ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ നേതാക്കളുമായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലുമായും ചർച്ച ചെയ്യും
.ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും വൈകീട്ട് അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും.
വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിന് ശേഷം ജോൺസൺ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിക്കും. ഇതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും.
ഇരു രാജ്യങ്ങളും തമ്മിൽ അടുത്ത പങ്കാളിത്തം വളർത്താനും സുരക്ഷാ സഹകരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്, തന്ത്രപ്രധാനമായ പ്രതിരോധം, നയതന്ത്ര, സാമ്പത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും വിശദമായ ചർച്ചകൾ നടത്തും.വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഭീകരവാദത്തിനെതിരായ നയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവും. ഖാലിസ്ഥാൻ തീവ്രവാദം ഒരു പ്രധാന വിഷയമാവുമെന്നാണ് സൂചന.
തുടർന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബ്രിട്ടൻ പ്രധാനമന്ത്രി ചർച്ച നടത്തും.ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്നലെ അദ്ദേഹം ബ്രിട്ടണിൽ വച്ച് പറഞ്ഞിരുന്നു.
Comments