ഇടുക്കി: അസം സ്വദേശി മുൻമി ഗൊഗോയ്‌ക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാന ചടങ്ങിലെത്തിയ സുരേഷ് ഗോപിയുടെ ചിത്രങ്ങളെല്ലാം ചർച്ചയായിരുന്നു. ചിത്രങ്ങൾക്കുപരി വാക്ക് പാലിച്ച സുരേഷ് ഗോപിയുടെ പ്രവർത്തനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായത്. ചടങ്ങിലെത്തിയപ്പോൾ ശിൽപ്പ വിദഗ്ധനായ ജോജു പുന്നാട് സുരേഷ് ഗോപിയ്‌ക്ക് മുത്തപ്പശിൽപ്പം ഉപഹാരമായി നൽകിയിരുന്നു.
നിരവധി പ്രത്യേകതകളാണ് ശിൽപ്പത്തിനുള്ളത്. അഞ്ചടി ഉയരവും മൂന്നടി വീതിയിലുമുള്ള ശിൽപ്പമാണ് അദ്ദേഹം സുരേഷ് ഗോപിയ്‌ക്ക് നൽകിയത്. ജോജു തീർത്ത ശിൽപ്പത്തിന് മുന്നിൽ ഭയഭക്തിയോടെ സുരേഷ് ഗോപി ഏറെ നേരം നോക്കി നിന്നു. പറശ്ശിനിക്കടവ് മടപ്പുരയ്‌ക്ക് മുന്നിൽ മുത്തപ്പൻ, തിരുവപ്പൻ, നായ എന്നിവർ ചേർന്ന് നിൽക്കുന്ന ശിൽപ്പമാണ് ജോജു നൽകിയത്. ശിൽപ്പത്തിൽ വ്യാളിയും കിംപുരുഷനുമടക്കം നിരവധി രൂപങ്ങളുമുണ്ട്.
പ്രദേശത്തെ അറിയപ്പെടുന്ന കലാകാരനാണ് ജോജു പുന്നാട്. ഒരു വർഷം മുൻപ് തേക്കിൻ തടിയിൽ തീർത്ത ജോജുവിന്റെ ശിൽപ്പം ഏറെ ശ്രദ്ധനേടിയിരുന്നു. മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടിയിലെ മനോഹരമായ ക്ഷേത്ര കവാടം നിർമ്മിച്ചത് ജോജുവാണ്. സിമന്റ് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഗജമുഖ സ്തംഭം നിർമ്മിച്ചതും ജോജുവാണ്.
















Comments