വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. മുഹമ്മദ് മുബി എന്ന് പേര് നൽകിയിരിക്കുന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. സാമന്തയുടെ ആൺസുഹൃത്തിന്റെ വേഷത്തിലാണ് ശ്രീശാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ പുതിയ ഗാനം ഇതിനോടകം റിലീസ് ചെയ്തുകഴിഞ്ഞു. ഡിപ്പാം ഡപ്പാം എന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സംവിധായകൻ വിഘ്‌നേശ് ശിവൻ തന്നെയാണ്. ത്രിഗോണ പ്രണയകഥയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. നയൻതാര കൺമണി എന്ന കഥാപാത്രത്തെയും, സാമന്ത ഖദീജ എന്ന റോളിലുമാണ് എത്തുന്നത്.
കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ചിത്രം ഏപ്രിൽ 28ന് തീയേറ്ററുകളിൽ എത്തും.
Comments