റായ്പൂർ: വിവാഹ ഘോഷയാത്രക്കിടെയുണ്ടായ തർക്കത്തിൽ 17ലധികം പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് രണ്ട് വിവാഹ സംഘങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുടലെടുത്തത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ഇരു കൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു.
ഒരു കൂട്ടരുടെ വിവാഹ ഘോഷയാത്ര കടന്ന് പോകുന്ന വേളയിൽ മറ്റൊരു കൂട്ടർ കടന്നുവരികയായിരുന്നു. ഇതോടെ റോഡിൽ ഗതാഗത കുരുക്ക് രൂപപ്പെടുകയും ഇരു കൂട്ടർക്കുമിടയിൽ തർക്കം ഉണ്ടാകുകയും ചെയ്തതായി റായ്പൂർ റൂറൽ എഎസ്പി കീർത്തൻ റാത്തോഡ് പറഞ്ഞു.
രണ്ട് സംഘങ്ങൾ കടന്ന് പോകാമായിരുന്നിട്ടും, അവർ വിട്ടുവീഴ്‌ച്ചയ്‌ക്ക് തയ്യാറായില്ല. ഇത് തർക്കത്തിൽ കലാശിച്ചു. ഇരുവശത്തും നിന്നുള്ള 17ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments