ലണ്ടൻ : യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുദ്ധത്തിൽ യുക്രെയ്‌നെ തീർച്ചയായും സഹായിക്കുമെന്നും റഷ്യയെ തകർക്കുമെന്നും ജോൺസൺ പറഞ്ഞു. ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ബോറിസ് ജോൺസന്റെ പരാമർശം.
യുക്രെയ്‌നിന്റെ കാലിൽ കടിക്കുന്ന മുതലയാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ എന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. പുടിന്റെ വിശ്വാസമില്ലായ്മയും തന്ത്രവും കണക്കിലെടുക്കുമ്പോൾ രാജ്യവുമായി ചര്ച്ച നടത്തുക എന്നത് യുക്രെയ്‌ന് വളരെ പ്രയാസമാണ്. ഏത് സാഹചര്യത്തിലും യുക്രെയ്ൻ പിടിച്ചടക്കുക എന്നതാണ് പുടിന്റെ ആവശ്യം, അതിന് വേണ്ടി അയാൾ എന്തും ചെയ്യും. എല്ലാം തീരുമാനിക്കേണ്ടത് യുക്രെയ്‌നാണ്. അതുവരെ യുകെയും നാറ്റോ സഖ്യകക്ഷിയും യുക്രെയ്‌നിലേക്ക് പണവും ആയുധങ്ങളും എത്തിക്കും. പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്ക് റഷ്യയുമായുള്ള ബന്ധം കുറയ്‌ക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
അതേസമയം യുക്രെയ്‌നിൽ റഷ്യൻ സൈന്യം ആക്രമിച്ച് മുന്നേറുകയാണ്. മരിയുപോൾ നഗരം പിടിച്ചടക്കിയ റഷ്യയുടെ അടുത്ത ലക്ഷ്യം ഡോൺബാസാണ്. എന്നാൽ, മരിയുപോൾ നഗരത്തിലെ അസോവ്സ്റ്റാൾ ഉരുക്കുവ്യവസായശാല പിടിച്ചെടുക്കാൻ സാധിച്ചിട്ടില്ല. അവിടെ രണ്ടായിരത്തോളം സൈനികർ തമ്പടിച്ചിട്ടുണ്ടെന്നും കനത്ത തിരിച്ചടി ഭയന്നാണ് റഷ്യ ആക്രമിക്കാത്തത് എന്നും യുക്രെയ്ൻ പറയുന്നു.
അതിനിടെ യുക്രെയ്‌നിന് സഹായവുമായി യുഎസും രംഗത്തെത്തിയിട്ടുണ്ട്. യുക്രെയ്‌നിന് അടിയന്തര സഹായമായി 50 കോടി ഡോളറും, 80 കോടി ഡോളറിന്റെ സൈനിക ഉപകരണങ്ങളും നൽകാനാണ് തീരുമാനം. മറ്റ് യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്‌ന് സഹായവുമായി എത്തിയിട്ടുണ്ട്.
Comments