ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ സംഘം ഉടൻ യെമനിലേക്ക് തിരിക്കും, നിമിഷ പ്രിയയുടെ വധിശിക്ഷ ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റേയും സഹമന്ത്രി വി.മുരളീധരന്റേയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ദയാധനത്തിനുള്ള നടപടികൾ ഉൾപ്പെടെ ഏകോപിപ്പിക്കാൻ എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദയാധനത്തെ കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബം അറിയിച്ചതായി യെമൻ അധികൃതർ അറിയിച്ചിരുന്നു. യെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 ലക്ഷം യെമൻ റിയാൽ(ഒന്നരക്കോടിയോളം രൂപ) ആവശ്യപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു. റംസാൻ അവസാനിക്കും മുൻപ് തീരുമാനം അറിയിക്കാനാണ് നിർദ്ദേശം. മനപ്പൂർവ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യെമൻ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമ്മയ്‌ക്ക് അയച്ച കത്തിൽ നിമിഷപ്രിയ പറഞ്ഞിരുന്നു.
2017 ജൂലൈ 25നാണ് തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. തലാൽ അബ്ദു മഹ്ദിയുമൊന്നിച്ച് ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷണക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിമിഷ നേരത്തേ വീട്ടുകാർക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു. പാസ്പോർട്ട് പിടിച്ചുവച്ച് നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക, എന്നിങ്ങനെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി നിമിഷ കത്തിൽ പറഞ്ഞിരുന്നു.
ഇതിന് പുറമെ ഇയാൾ തോക്കൂ ചൂണ്ടി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും നിമിഷ വീട്ടുകാരെ അറിയിച്ചിരുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ 2014 ലാണ് തലാലിന്റെ സഹായം നിമിഷ തേടുന്നത്. നിമിഷ ഭാര്യയാണെന്നാണ് തലാൽ പലരോടും പറഞ്ഞിരുന്നത്. ഇതിനായി ഇയാൾ വ്യാജ വിവാഹ സർട്ടിഫിക്കറ്റും ഉണ്ടാക്കിയിരുന്നു. പാസ്‌പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്‌ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.
Comments