ന്യൂഡൽഹി: ഹലാൽ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. ഹലാൽ ഉത്പന്നങ്ങളും ഹലാൽ സർട്ടിഫിക്കേഷനും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകനായ വിഭോർ ആനന്ദ് ആണ് ഹർജി ഫയൽ ചെയ്തത്. ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്ന 85ശതമാനം പൗരന്മാർക്ക് വേണ്ടിയാണിതെന്ന് ഹർജിക്കാരൻ പറയുന്നു.
ജനസംഖ്യയുടെ 15% വരുന്ന മുസ്ലീം ന്യൂനപക്ഷം ‘ഹലാൽ’ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ, ബാക്കിയുള്ള 85% ആളുകൾ അത് ഉപയോഗിക്കാൻ നിർബന്ധിതരാക്കപ്പെടുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇതെന്നും ഹർജിയിയിൽ പറയുന്നുണ്ട്. നെസ്റ്റ്‌ലെ, കെഎഫ്‌സി, ബ്രിട്ടാണിയ എന്നിവയോട് ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
1974 മുതൽ 1993 വരെ മാംസ ഉത്പന്നങ്ങൾക്ക് മാത്രമായിരുന്നു ഹലാൽ സർട്ടിഫിക്കറ്റ്. എന്നാൽ ഇന്ന് ടൂറിസം, ഫാർമസ്യൂട്ടിക്കൽസ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആരോഗ്യ ഉൽപ്പന്നങ്ങൾ, തുടങ്ങിയ എല്ലാ മേഖലകളിലേക്കും ഹലാൽ വ്യാപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ ജനങ്ങൾ വാങ്ങിക്കരുതെന്നും വിഭോർ ആവശ്യപ്പെടുന്നുണ്ട്. 100 കോടിയിലധികം വരുന്ന മുസ്ലീങ്ങളല്ലാത്തവരുടെ മേൽ ഹലാൽ സർട്ടിഫിക്കറ്റ് അടിച്ചേൽപ്പിക്കുകയാണ്. മുസ്ലീം മതേതര വിഭാഗങ്ങൾ ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും അഭിഭാഷകൻ ആവശ്യപ്പെടുന്നു.
Comments