ന്യൂഡൽഹി : ഇന്ത്യയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന ആരോപണങ്ങൾ ഉന്നയിച്ച ബ്രിട്ടീഷ് നേതാക്കൾക്ക് ചുട്ട മറുപടി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിശേഷിപ്പിച്ച ജോൺസൺ, ജനാധിപത്യം എന്താണെന്ന് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. ഇന്ത്യ സന്ദർശനത്തിനിടെ ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
ആർക്കെതിരെ വേണമെങ്കിലും പാർലമെന്റ് അംഗങ്ങൾ പലതും പറയും. അവർ തന്നെപ്പറ്റിയും പറയാറുണ്ട്. എന്നാൽ ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ ഉപദേശിക്കാൻ സാധിക്കില്ല. 1.35 ബില്യൺ ജനങ്ങൾ ഒന്നിച്ച് താമസിക്കുന്ന ഇന്ത്യ അവിശ്വസനീയമായ രാജ്യമാണ്. എല്ലാത്തിൽ നിന്നും വ്യത്യസ്ഥമായ സ്ഥലമാണിതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
ലോകത്തിന്റെ ഭാവി തന്നെ ഇന്തോ-പസഫിക്ക് വളർച്ചയെ ആശ്രയിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ പ്രദേശത്തേക്ക് വരുന്നത്. തന്ത്രപ്രധാനമായ മേഖലയിൽ ജനാധിപത്യ മൂല്യങ്ങളുടെ കാവൽക്കാരൻ എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണ്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യുകെ ആഗ്രഹിക്കുന്നു എന്നും ബോറിസ് ജോൺസൺ പറഞ്ഞു. റഷ്യ, ചൈന പോലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഒന്നിക്കുമ്പോൾ ഇന്ത്യയും യുകെയും പോലുള്ള ജനാധിപത്യ രാജ്യങ്ങൾ കൈകോർക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ നയങ്ങളിൽ വിരക്തി പ്രകടിപ്പിച്ചുകൊണ്ട് യുകെയിലെ നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ഹിജാബ് വിവാദത്തിൽ സുപ്രീം കോടതി സ്വീകരിച്ച നിലപാടും, ജഹാംഗീർപുരിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്ന നടപടികളും ഉയർത്തിക്കാട്ടിയ നേതാക്കൾ ഇന്ത്യയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് ആരോപിച്ചു. മോദി സർക്കാരിനോട് ഇതിനെപ്പറ്റി ചോദിക്കാനാണ് ബ്രിട്ടീഷ് എം പി നാസ് ഷാ പറഞ്ഞത്. എന്നാൽ ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യമില്ലെന്നാണ് ബോറിസ് ജോൺസൺ മറുപടി നൽകിയത്.
Comments