മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാൻ തീരുമാനിച്ച മഹാരാഷ്‌ട്ര എംഎൽഎ രവി റാണയുടെയും ഭാര്യ നവനീത് റാണ എംപിയുടെയും വീട്ടിലേക്ക് ഇന്നുരാവിലെ ശിവസേന പ്രവർത്തകർ മാർച്ച് നടത്തി. ബാരിക്കേഡുകൾ തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചു.
രാവിലെ ഒമ്പത് മണിയോടെ സബർബൻ ബാന്ദ്രയിലെ ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ ‘മാതോശ്രീ’ക്ക് പുറത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് റാണ ഇന്നലെ പറഞ്ഞിരുന്നു. മഹാരാഷ്‌ട്രയെ പ്രതിസന്ധികളിൽ നിന്ന് മോചിപ്പിക്കാനും സംസ്ഥാനത്തിന് സമാധാനം കൈവരിക്കാനും ഹനുമാൻ ജയന്തി ദിനത്തിൽ മുഖ്യമന്ത്രി ഹനുമാൻ ചാലിസ വായിക്കണമെന്ന് രവി റാണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താക്കറെ അത് വിസമ്മതിച്ചു.
റാണാകുടുംബത്തിന്റെ പ്രഖ്യാപനത്തെ എതിർത്ത ശിവസേന പ്രവർത്തകർ ഇന്നലെ മുതൽ മാതോശ്രീക്ക് പുറത്ത് നിലകൊണ്ടു. റാണാദമ്പതികളെ ചാലിസചൊല്ലാൻ വെല്ലുവിളിച്ചു. വന്നാൽ അവർക്ക് പ്രസാദവുമായല്ലാതെ മടങ്ങാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ശിവസേന അനുഭാവികൾ സബർബൻ ഖാറിൽ റാണയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡുകൾ തകർത്ത് അപ്പാർട്ട്‌മെന്റ് വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചു.
രാവിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും മാതോശ്രീക്ക് പുറത്ത് തടിച്ചുകൂടി. എം.എൽ.എ രവി റാണയും ഭാര്യ നവനീത് റാണയും ക്രമസമാധാന നിലയെ വെല്ലുവിളിക്കുകയാണെന്നും മറ്റാരുടെയോ പ്രേരണയിലാണ് ഇക്കാര്യം ചെയ്യുന്നതെന്നും അവരെ ഒരു പാഠം പഠിപ്പിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്നും സേനാ നേതാവ് കിഷോരി പെഡ്‌നേക്കർ പറഞ്ഞു. പോലീസ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും പാർട്ടി പ്രവർത്തകരെ തടയുകയും ചെയ്തു.
തീരുമാനത്തിൽ നിന്നു പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് രവി റാണയ്‌ക്ക് മുംബൈ പോലീസ് ഇന്നലെ നോട്ടീസ് നൽകിയിരുന്നു. അതെ സമയം നവനീത് റാണയ്‌ക്ക് കേന്ദ്രസർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മാതോശ്രീക്ക് പുറത്ത് സിറ്റി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ സോണൽ ഡിസിപി മഞ്ജുനാഥ് സിങ് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സുരക്ഷാ വിന്യാസം വിലയിരുത്തി. മാതോശ്രീക്ക് പുറമെ ദക്ഷിണ മുംബൈയിലെ മുഖ്യമന്ത്രി താക്കറെയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിലും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
.
















Comments