കണ്ണൂർ: കണ്ണൂർ കാസർകോട് ജില്ലകളിലെ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ്. പരിയാരം ഏമ്പേറ്റിൽ പാതയുടെ നിർമ്മാണപുരോഗതി വിലയിരുത്താനെത്തിയ മന്ത്രി, മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യമറിയിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപരിതല ഗതാഗതമന്ത്രാലയത്തിന് പൂർണ തൃപ്തിയാണെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ, കാസർകോട് ജില്ലകളിൽ നടക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി പരിയാരത്തെത്തിയത്.
20 റീച്ചായി തിരിച്ചാണ് കേരളത്തിൽ ദേശീയപാതയുടെ നിർമാണം. 45 മീറ്റർ വീതിയിൽ ആറ് വരിയായാണ് പാത. മഹാരാഷ്‌ട്രയിലെ പനവേലിൽ ആരംഭിച്ച് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന ദേശീയ പാത66-ന്റെ ആകെ ദൈർഘ്യം 1622 കിലോമീറ്ററാണ്. ഗോവ, കർണാടക വഴി കൊങ്കൺ തീരത്തുകൂടിയുള്ള പാത ഏറ്റവും കൂടുതൽ കടന്നുപോകുന്നത് കേരളത്തിലൂടെയാണ്.
















Comments