മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ബാംഗ്ലൂർ ഉയർത്തിയ 69 റൺസ് എന്ന വിജയ ലക്ഷ്യം ഹൈദരാബാദ് നിഷ്പ്രയാസം മറികടക്കുകയായിരുന്നു. എട്ട് ഓവറിൽ 72 പന്തുകൾ അവശേഷിക്കെയാണ് ഹൈദരാബാദിന്റെ വിജയക്കുതിപ്പ്. 28 പന്തിൽ 47 റൺസ് നേടിയ ഓപ്പണർ അഭിഷേക് ശർമ്മയാണ് ഹൈദരാബാദിന്റെ ജയം എളുപ്പമാക്കയിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ബാംഗ്ലൂർ, 16.1 ഓവറിൽ എല്ലാ വിക്കറ്റും നഷ്ടപ്പെട്ട് 68 റൺസാണ് നേടിയത്. ഈ സീസണിലെ ഏറ്റവും ചെറിയ സ്‌കോറാണ് ബാംഗ്ലൂർ ഉയർത്തിയത്. 20 പന്തിൽ നിന്ന് 15 റൺസ് എടുത്ത സായുഷ് പ്രഭുദേശായിയാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ. ദേശായിയ്‌ക്ക് പുറമെ 11 പന്തിൽ നിന്നും 12 റൺസ് എടുത്ത ഗ്ലെൻ മാക്‌സ് വെൽ മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. തുടർച്ചയായ രണ്ടാം മത്സരത്തിലും മുൻ നായകൻ വിരാട് കോഹ്ലി ഗോൾഡൻ ഡക്കായത് ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തി. അനുജ് റാവത്ത്, ദിനേശ് കാർത്തിക് എന്നിവരും പൂജ്യത്തിനാണ് പുറത്തായത്.
ഫാഫ് ഡു പ്ലേസി(5), ഷഹബാസ് അഹമ്മദ്(7), ഹർഷൽ പട്ടേൽ(4), വാനിന്ദു ഹസരംഗ(8), മുഹമ്മദ് സിറാജ്(2), ജോഷ് ഹെയ്‌സൽവുഡ്(3) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. സൺറൈസേഴ്‌സിനായി ടി.നടരാജനും, മാർക്കോ ജാൻസനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. സുചിത് രണ്ട് വിക്കറ്റും, ഉമ്രാൻ മാലിക്ക്, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് നഷ്ടമായത് ഒരു വിക്കറ്റ് മാത്രമാണ്. ഒൻപത് വിക്കറ്റുകൾ ശേഷിക്കെ, എട്ട് ഓവറിൽ 72 റൺസ് അടിച്ചെടുത്താണ് ഹൈദരാബാദ് ബാംഗ്ലൂരിനെ തകർത്തത്. 28 പന്തിൽ നിന്നും 47 റൺസ് നേടിയ അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. ഹർഷൽ പട്ടേലാണ് അഭിഷേകിന്റെ വിക്കറ്റ് വീഴ്‌ത്തിയത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ(16), രാഹുൽ ത്രിപാഠി(7) എന്നിവർ പുറത്താകാതെ നിന്നു.
ഇതോടെ, കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയം സ്വന്തമാക്കി 10 പോയിന്റുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ്. എട്ട് മത്സരങ്ങളിൽ അഞ്ച് ജയം നേടിയ ബാംഗ്ലൂർ 10 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്.
















Comments